ദുബായ് അൽ മക്തൂം പാലത്തിലൂടെയുള്ള ബസ് റൂട്ടുകൾ താത്കാലികമായി തിരിച്ചുവിട്ടു. പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിന്റെ ഭാഗമായാണ് ബസ് ഗതാഗതം വഴിതിരിച്ചുവിട്ടതെന്ന് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
അൽ മക്തൂം പാലത്തിലൂടെ പോകുന്ന ബസുകൾ അൽ ഗർഹൂദ് പാലം വഴിയാണ് തിരിച്ചുവിടുന്നത്. അതോടൊപ്പം അൽ മക്തൂം പാലത്തിൽ 2025 ജനുവരി 16 വരെ അർദ്ധ പ്രവർത്തന സമയം നടപ്പിലാക്കും. പ്രധാന പാലം തിങ്കൾ മുതൽ ശനി വരെ രാത്രി 11 മുതൽ രാവിലെ 5 വരെ അടച്ചിരിക്കും. ഞായറാഴ്ചകളിൽ 24 മണിക്കൂറും പാലം അടച്ചിരിക്കും.
ഈ കാലയളവിൽ ഡിനാറ്റ 1, ഡിനാറ്റ 2, സിറ്റി സെൻ്റർ മെട്രോ ബസ് സ്റ്റോപ്പ് 1-1, ഊദ് മേത്ത ബസ് സ്റ്റേഷൻ 7, ഉമ്മു ഹുറൈർ, റോഡ് 2, റാഷിദ് ഹോസ്പിറ്റൽ റൗണ്ട് എബൗട്ട് 1 എന്നീ ബസ് സ്റ്റോപ്പുകൾ സർവ്വീസ് നടത്തില്ലെന്നും ആർ.ടി.എ അറിയിച്ചു. റൂട്ട് 23-ലെ സർവീസ് ദെയ്റ സിറ്റി സെൻ്റർ ബസ് സ്റ്റേഷനിൽ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യും. കൂടാതെ ഔദ് മേത്ത ബസ് സ്റ്റേഷനിൽ യാത്രക്കാർക്ക് സേവനം നൽകില്ലെന്നും അധികൃതർ വ്യക്തമാക്കി.