ബുർജ് ഖലീഫയ്ക്ക് ശേഷം ദുബായിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് അസീസിയുടെ ഉയരം വെളിപ്പെടുത്തി അധികൃതർ. 725 മീറ്റർ ഉയരമാണ് ടവറിനുള്ളത്. ഇതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായി ബുർജ് അസീസി മാറി.
1.5 ബില്യൺ ഡോളർ ചിലവഴിച്ചാണ് ബുർജ് അസീസി ഒരുക്കുന്നത്. 131-ലധികം നിലകളുള്ള അംബരചുംബിയായ ബുർജ് അസീസി ദുബായുടെ പ്രധാന ഐക്കണായി മാറും. സെവൻ സ്റ്റാർ ഹോട്ടൽ, ആഡംബര വസതികൾ, പെന്റ്ഹൗസ് അപ്പാർട്ടുമെന്റുകൾ, വെർട്ടിക്കൽ മാൾ, സിനിമാശാലകൾ, ജിമ്മുകൾ, മിനി മാർക്കറ്റുകൾ, നീന്തൽക്കുളങ്ങൾ, നഗരകാഴ്ചകൾ ആസ്വദിക്കാനുള്ള സവിശേഷമായ നിരീക്ഷണ ഡെക്ക്, ഉയർന്ന നിലവാരമുള്ള ഭക്ഷണ-പാനീയ കേന്ദ്രങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ബുർജ് അസീസിയിലുണ്ടാകും.
2028-ഓടെ ബുർജ് ആസീസിയുടെ നിർമ്മാണം പൂർത്തീകരിക്കും. 2010 ജനുവരി 4-നായിരുന്നു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ഉയർന്നത്. 829.8 മീറ്ററാണ് ബുർജ് ഖലീഫയുടെ ഉയരം. ബുർജ് അസീസിയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഉയരം കൂടിയ രണ്ട് കെട്ടിടങ്ങളും ദുബായിക്ക് സ്വന്തമാകും.