ആറാം കിരീടം ലക്ഷ്യമിട്ടെത്തിയ ബ്രസീലിന് ഇന്ന് ഖത്തർ കോലകപ്പിലെ ആദ്യ മല്‍സരം. സെര്‍ബിയയോടാണ് ഏറ്റുമുട്ടുക. ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 12.30നാണ് ബ്രസീലിൻ്റെ നെയ്മറും സംഘവും ഇറങ്ങുക.
അഞ്ചുതവണ കിരീടം ചൂടിയ ബ്രസീല്‍ ഇത്തവണയും ടൂര്‍ണമെൻ്റ് ഫേവറിറ്റുകളായാണ് ഖത്തറിലെത്തിയിരിക്കുന്നത്. 2002ന് ശേഷം ഫൈനലിലെത്താത്ത ബ്രസീൽ, ഇത്തവണ ലോക റാങ്കിംഗ് പോലെ തന്നെ കിരീടലക്ഷ്യം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൂപ്പർതാരം നെയ്മര്‍ നയിക്കുന്ന മുന്നേറ്റനിര തന്നെയാണ് ബ്രസീലിൻ്റെ കരുത്ത്.
വിനീസ്യൂസ് ജൂനിയര്‍, ഗബ്രിയേല്‍ ജെസ്യൂസ്, റിച്ചാര്‍ലിസണ്‍, റോഡ്രിഗോ, ഗബ്രിയല്‍ മാര്‍ട്ടിനെല്ലി, ആൻ്റണി തുടങ്ങിയവരെല്ലാം ബ്രസീൽ ടീമിലുണ്ട്. അര്‍ജൻ്റീനയോട് കോപ്പ ഫൈനലില്‍ പരാജയപ്പെട്ടതൊഴിച്ചാൽ ബ്രസീല്‍ അടുത്തൊന്നും തോല്‍വിയറിഞ്ഞിട്ടില്ല.
റാങ്കിങില്‍ 21ാം സ്ഥാനത്തുള്ള സെര്‍ബിയ ബ്രസീലിനെ വിറപ്പിക്കുമോ എന്ന് കാത്തിരുന്ന് കാണണം.
ഇന്ന് ഇന്ത്യൻ സമയം 2.30ന് സ്വിറ്റ്സർലൻ്റ്- കാമറൂൺ മത്സരവും, 6 മണിക്ക് ഉറുഗ്വായ്-സൌത്ത് കൊറിയ മത്സരവും, 9 മണിക്ക് പോർച്ചുഗൽ-ഘാന പോരാട്ടവും നടക്കും.