ഒഴിവുകാലം ആസ്വദിക്കാൻ കുട്ടി വായനക്കാർക്കായി ഖത്തർ ദേശീയ ലൈബ്രറിയിൽ 1,20,000 ത്തിലേറെ പുസ്തകങ്ങളുടെ ശേഖരം. വ്യത്യസ്ത പ്രായക്കാരായ കുട്ടികളുടെ താൽപര്യങ്ങൾക്ക് അനുസരിച്ചുള്ള പുസ്തകങ്ങൾ ഇവിടെയുണ്ട്. വായന ഇഷ്ടപ്പെടുന്നവർക്ക് ലൈബ്രറിയിൽ നേരിട്ടെത്തിയോ ഇ-ലൈബ്രറിയിലൂടെയോ വായിക്കാവുന്നതാണ്.
എന്നാൽ ലൈബ്രറിയിൽ നേരിട്ടെത്തിയുള്ള വായന വേറിട്ട അനുഭവമാണ് നൽകുക. കൂടാതെ ലൈബ്രറിയിലെത്തുന്ന കുട്ടികൾക്ക് , ഗെയിമുകൾ, കളിപ്പാട്ടങ്ങൾ, കഥ പറച്ചിൽ, സാഹിത്യ പരിപാടികൾ, തിയറ്റർ പരിപാടികൾ, പുസ്തക ചർച്ചകൾ തുടങ്ങിയ പ്രോഗ്രാമുകളിലും പങ്കെടുക്കാൻ സാധിക്കും.
ഖത്തർ ദേശീയ ലൈബ്രറി പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ വർഷം 2,96,456 പുസ്തകങ്ങളാണ് ആളുകൾ വായിച്ചത്. ഇതിൽ 1,67,580 എണ്ണവും കുട്ടികളുടെ ലൈബ്രറിയിൽ നിന്നുള്ളതാണ്. കുട്ടികളുടെ ലൈബ്രറിയിൽ ഉൾപ്പെടെ 16 ഭാഷകളിലായി ലക്ഷക്കണക്കിന് പുസ്തകങ്ങളും കയ്യെഴുത്തുപ്രതികളും പാഠ്യ പുസ്തകങ്ങളും ഉണ്ട്.