ഭാരത് ജോഡോ യാത്ര ജമ്മുവിൽ ചില മേഖലകളിൽ ബസിൽ സഞ്ചരിക്കുമെന്ന് റിപ്പോർട്ട്.സുരക്ഷാ സേനകളുടെ നിർദ്ദേശപ്രകാരമാണ് ഇത്തരമൊരു നീക്കം. സുരക്ഷയുടെ ഭാഗമായി ഭാരത് ജോഡോ യാത്രയില്‍ ആളെ കുറയ്ക്കാനും സാധ്യതയുണ്ട്. യാത്ര കടന്നുപോകുന്ന തന്ത്ര പ്രധാനമേഖലകളെല്ലാം നിരീക്ഷണത്തിലായതിനാൽ രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജമ്മുകശ്മീര്‍ ഭരണകൂടം വ്യക്തമാക്കി. ജമ്മുകശ്മീരിലെ നര്‍വാര്‍ളില്‍ കഴിഞ്ഞ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് വാഹനങ്ങളില്‍ ബോംബ് സ്ഫോടനമുണ്ടായതാണ് കാരണം. അന്വേഷണം പ്രഖ്യാപിച്ചതോടെ എന്‍ഐഎ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ജമ്മുകശ്മീര്‍ പോലീസിനെയും, കേന്ദ്രപോലീസിനെയും പ്രദേശത്ത് കൂടുതലായി വിന്യസിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദ്ദേശ പ്രകാരം ജില്ലാ ഭരണകൂടം സാഹചര്യം നിരീക്ഷിച്ചുവരികയാണ്. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് വളരെ ദൂരെയാണ് ഭാരത് ജോഡോ യാത്ര നടക്കുന്നതെങ്കിലും രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ സുരക്ഷ വീഴ്ചയുടെ പശ്ചാത്തലത്തില്‍ പങ്കുവച്ച ആശങ്ക അസ്ഥാനത്തല്ലെന്ന് തെളിഞ്ഞതായി കോണ്‍ഗ്രസ് പ്രതികരിച്ചു.
ഭാരത് ജോഡോ യാത്ര ഈ മാസം മുപ്പതിന് ജമ്മുകശ്മീരിൽ സമാപിക്കുമ്പോൾ നടത്തുന്ന റാലിയിൽ പങ്കെടുക്കാനുള്ള കത്ത് 31 പ്രതിപക്ഷ പാർട്ടികൾക്കും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ നല്കിയിരുന്നു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ക്ഷണം സ്വീകരിച്ചിരുന്നു. ഇടതുമുന്നണിയിലുള്ള എൻസിപി, കേരള കോൺഗ്രസ് എം എന്നീ പാർട്ടികളും പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചടങ്ങിൽ നിന്ന് വിട്ടു നില്ക്കുമെന്നാണ് വിവരം.