രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അടുത്ത വർഷവും നടത്തുമെന്ന് കോൺഗ്രസ്. ഗുജറാത്തിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് നടത്താനാണ് ആലോചിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാപകദിനമായ ഡിസംബർ 28ന് അസം, ഒഡീഷ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ പ്രത്യേകം യാത്ര സംഘടിപ്പിക്കാനും കോണ്‍ഗ്രസിന് പദ്ധതിയുണ്ട്. രാഹുൽ ഗാന്ധി നയിക്കുന്ന നിലവിലെ യാത്ര വിജയകരമെന്നാണ് പാർട്ടി വിലയിരുത്തൽ.
ഭാരത് ജോഡോ യാത്രയില്‍ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പങ്കാളിയായതിന് രാഹുൽ ഗാന്ധിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
സംസ്ഥാന തെരഞ്ഞെടുപ്പിന് മുൻപ് ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. “ഒരു കോൺഗ്രസ് നേതാവ് നർമ്മദാ അണക്കെട്ട് പദ്ധതി മൂന്ന് പതിറ്റാണ്ടായി സ്തംഭിപ്പിച്ച ഒരു സ്ത്രീക്കൊപ്പം പദയാത്ര നടത്തുന്നത് കണ്ടു” എന്നായിരുന്നു പരിഹാസം.
മേധാ പട്കർ ഉൾപ്പെടെയുള്ള ആക്ടിവിസ്റ്റുകൾ ഉണ്ടാക്കിയ നിയമതടസ്സങ്ങൾ മൂലം നർമ്മദാ നദിക്ക് മേലെ സർദാർ സരോവർ അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതി മൂന്ന് പതിറ്റാണ്ടായി മുടങ്ങിക്കിടക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മേധാ പട്കര്‍ ഗുജറാത്തിനെ അപകീർത്തിപ്പെടുത്തിയതായും മോദി ആരോപിച്ചു.
നർമ്മദാ അണക്കെട്ടിന് എതിര്‍ത്തവരുടെ തോളിൽ കൈയിട്ടാണോ നിങ്ങൾ പദയാത്ര നടത്തുന്നത് എന്ന് വോട്ട് ചോദിച്ചെത്തുമ്പോള്‍ കോൺഗ്രസിനോട് ചോദിക്കാനും വോട്ടര്‍മാരോട് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു.