21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫിഫ ലോകകപ്പ് ഖത്തറിലേതെന്ന് തെരഞ്ഞെടുത്ത് ബിബിസി പ്രേക്ഷകർ.ബിബിസി സ്പോർട്സ് വിഭാഗം പ്രേക്ഷകർക്കിടയിൽ നടത്തിയ സർവേയിലാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫിഫ ലോകകപ്പായി ഖത്തർ ലോകകപ്പ് തെരഞ്ഞെടുക്കപ്പെട്ടത്.
സർവേയിൽ പങ്കെടുത്ത 78 ശതമാനം പേരും ഖത്തറിനാണ് വോട്ടു നൽകിയത്.രണ്ടാം സ്ഥാനത്ത് 6 ശതമാനം വോട്ടുമായി 2002 ലോകകപ്പും മൂന്നാം സ്ഥാനത്ത് 5 ശതമാനം വോട്ടുമായി 2014 ലോകകപ്പുമുണ്ട്. 4, 5, 6 സ്ഥാനങ്ങളിൽ യഥാക്രമം 2006, 2010, 2018 വർഷങ്ങളിൽ നടന്ന ലോകകപ്പുകളാണ്.
ലോകകപ്പ് ഉദ്ഘാടന, സമാപന ചടങ്ങുകൾ ബിബിസി ബഹിഷ്‌കരിച്ചിരുന്നു. അതേ ബിബിസി നടത്തിയ സർവേയിലാണ് ഏറ്റവും മികച്ച ലോകകപ്പ് ഖത്തറിലേത് എന്ന് പ്രേക്ഷകർ വോട്ടു ചെയ്തതിരിക്കുന്നത്. 22-ാമത് ലോകകപ്പിനാണ് നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തർ ആതിഥേയത്വം വഹിച്ചത്.
വിദേശരാജ്യങ്ങളിൽ നിന്നും 14 ലക്ഷത്തോളം ആരാധകർ ഉൾപ്പെടെ 34 ലക്ഷം പേർ 8 സ്റ്റേഡിയങ്ങളിലായി നടന്ന 64 മത്സരങ്ങളിൽ കാണികളായി. സംഘാടന മികവിലും ആരാധകർക്കായി ഒരുക്കിയ യാത്രാ, താമസ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളിലും വിമർശകരുടേത് ഉൾപ്പെടെ മുഴുവൻ ലോക രാജ്യങ്ങളുടെയും കയ്യടി നേടിയിരുന്നു ഖത്തർ.
മുൻ ആതിഥേയ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി പൂർണമായും സ്വന്തം ചെലവിൽ ഫിഫ ലോകകപ്പ് നടത്തിയ രാജ്യമാണ് ഖത്തർ എന്നതാണ് ലോകം അഭിനന്ദിക്കാനുള്ള മറ്റൊരു കാരണം. ലോകകപ്പിനുള്ള ആതിഥേയത്വം ലഭിച്ച സമയം മുതൽ കഴിഞ്ഞ 12 വർഷവും കനത്ത വിമർശനങ്ങളും ആരോപണങ്ങളും ഖത്തർ നേരിട്ടിരുന്നു.
ഖത്തർ ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതിനെ ചോദ്യം ചെയ്ത് ലോകകപ്പ് ബഹിഷ്‌കരിക്കണം എന്നുൾപ്പെടെയുള്ള ആഹ്വാനങ്ങളും ഉയർന്നിരുന്നു. പാശ്ചാത്യ മാധ്യമങ്ങൾ ഖത്തറിനെതിരെ നടത്തിയ വാർത്താപ്രചാരണങ്ങൾ അന്താരാഷ്ട്രതലത്തിൽ വലിയ ചർച്ചയായിരുന്നു. വിമർശനങ്ങൾക്കുള്ള മറുപടിയായി കൂടിയാണ് എക്കാലത്തെയും മികച്ച ലോകകപ്പ് ഖത്തർ ഫുട്ബോൾ ആരാധകർക്കായി സമ്മാനിച്ചതെന്നാണ് ഉയരുന്ന അഭിപ്രായം.