ഓസ്കാർ പുരസ്‌കാരം നേടിയതിന് പിന്നാലെ ബെല്ലിയെ തെപ്പക്കാട് ആന ക്യമ്പിലെ പാപ്പാനായി തമിഴ്നാട് സർക്കാർ ഔദ്യോഗികമായി നിയമിച്ചു. തമിഴ്നാട്ടിലെ ആദ്യ വനിതാ പാപ്പാൻ ആണ് ബെല്ലി. ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികളെ വളർത്താൻ കാണിക്കുന്ന അർപ്പണബോധവും മാതൃകാപരമായ സേവനവും പരിഗണിച്ചാണ് അവരെ പാപ്പാനായി നിയമിച്ചതെന്ന് സർക്കാർ ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ആന ക്യാമ്പുകളിൽ ഒന്നാണ് നീലഗിരിയിലെ മുതുമല കടുവാ സങ്കേതം. ഇവിടെയാണ് ബെല്ലിയും ബൊമ്മനുമുള്ളത്. അനാഥരായ രഘു, അമ്മു എന്നീ ആനക്കുട്ടികളെ പരിപാലിക്കുന്നതിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ബൊമ്മൻ-ബെല്ലി എന്ന ആദിവാസി ദമ്പതികളുടെ ജീവിതത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ‘എലിഫന്റ് വിസ്‌പറേഴ്സ്’ എന്ന ഡോക്യൂമെന്ററി ആണ് ഓസ്കാർ പുരസ്‌കാരം നേടിയത്.
അതേസമയം, തമിഴ്നാട്ടിലെ പാപ്പാന്മാരുടെയും കാവടികളുടെയും സേവനത്തിന് ഉള്ള ആദരവെന്നോണം എല്ലാവർക്കും ഒരു ലക്ഷം രൂപ വീതം സർക്കാർ അനുവദിച്ചിട്ടുണ്ട്. മുതുമല കടുവാ സങ്കേതത്തിലെയും ആനമല കടുവാ സങ്കേതത്തിലെ 91 പേർക്ക് ആണ് ഈ തുക ലഭിക്കുക. കൂടാതെ കോയമ്പത്തൂരിലെ ബോലംപട്ടി ആർഎഫ്, സാദിവയലിൽ പുതിയ ആന ക്യാമ്പ് സ്ഥാപിക്കുന്നതിന് എട്ട് കോടി രൂപയും തമിഴ്നാട് സർക്കാർ അനുവദിച്ചിട്ടുണ്ട്. പൊള്ളാച്ചി ആനമല കടുവാ സങ്കേതത്തിലെ കോഴിക്കാമുത്തി ആന ക്യാമ്പ് മെച്ചപ്പെടുത്തുന്നതിനു വേണ്ടി അഞ്ചു കോടി രൂപയും തമിഴ്നാട് സർക്കാർ അനുവദിച്ചിട്ടുണ്ട്.