റമദാൻ മാസം പിറന്നതോടെ ഇഫ്താർ സംഗമങ്ങൾ സജീവമാകുകയാണ്. യുഎഇയിലെ 71 സ്ഥലങ്ങളിൽ ഇഫ്താർ ഒരുക്കി ശ്രദ്ധേയമാകുകയാണ് ബൈത്ത് അൽ ഖീർ സൊസൈറ്റി. റമദാനിൽ പ്രതിദിനം 35,300 പേർക്കാണ് സൊസൈറ്റി ഭക്ഷണം വിതരണം ചെയ്യുന്നത്.
94 സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയിൽ രാജ്യത്തെ 55 സ്ഥലങ്ങളിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. വൈകുന്നേരം 5.30 മുതൽ പ്രവർത്തകർ ടെന്റുകളിലേയ്ക്ക് അതിഥികളെ സ്വീകരിച്ചുതുടങ്ങും. തുടർന്ന് എല്ലാവർക്കും ലാബൻ, അരിയുടെ വിവിധ വിഭവങ്ങൾ, വെള്ളം, പഴങ്ങൾ, ഈത്തപ്പഴം, മധുരപലഹാരങ്ങൾ എന്നിവ അടങ്ങിയ ഇഫ്താർ ബോക്‌സ് സമ്മാനിക്കും. സമാധാനത്തോടെ നോമ്പ് തുറക്കുന്നതിനായി ഇരിപ്പിടങ്ങളും സജ്ജമായിരിക്കും. ആദ്യ സംഘം ഭക്ഷണം കഴിച്ച് കഴിയുന്നതോടെ സ്ഥലങ്ങൾ വൃത്തിയാക്കിയ ശേഷം അടുത്ത സംഘത്തെ ടെന്റിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യും.
ഇഫ്താർ വിരുന്നിനെത്തുന്ന എല്ലാവർക്കും തൃപ്തികരമായ ഭക്ഷണം ഉറപ്പാക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് ബൈത്ത് അൽ ഖീർ സൊസൈറ്റി പ്രവർത്തകർ. അതുകൊണ്ടുതന്നെ ഇവിടെയെത്തുന്ന ഓരോരുത്തരും നിറഞ്ഞ മനസോടെയാണ് നോമ്പുതുറയ്ക്ക് ശേഷം കൂടാരങ്ങൾ വിട്ടിറങ്ങുന്നത്. വരും വർഷങ്ങളിലും ഇത്തരം ഇഫ്താർ സംഗമങ്ങളിൽ സജീവമാകാൻ തന്നെയാണ് സൊസൈറ്റിയുടെ തീരുമാനം.