ഗൾഫ് ബാങ്കുകൾ പലിശ നിരക്ക് ഉയർത്തി. യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയതിന് പിന്നാലെയാണ് ഗൾഫ് സെന്‍ട്രല്‍ ബാങ്കുകളുടേയും നീക്കം. യുഎഇ സെന്‍ട്രല്‍ ബാങ്ക് 0.75 ശതമാനം പലിശയാണ് ഉയർത്തിയത്. പുതിയ പലിശ നിരക്കുകൾ പ്രാബല്യത്തില്‍ വന്നെന്ന് യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. സമാനമായി ഇതര ഗൾഫ് രാജ്യങ്ങളിലും നിരക്ക് വര്‍ദ്ധിച്ചു.
അസാധാരണമാം വിധം യുഎസ് ഫെഡറല്‍ റിസര്‍വ്വ് 75 ബേസിസ് പോയിന്റുകൾ ഒറ്റയടിക്ക് ഉയര്‍ത്തിയതാണ് ആഗോള പലിശ വര്‍ദ്ധനവിന് കാരണം. കഴിഞ്ഞ അഞ്ചു മാസത്തിനിടെ നാല് തവണയാണ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയത്. ഒരുകൊല്ലത്തിനിടെ രണ്ടര ശതമാനം പലിശ ഉയരുന്നതിനും യുഎസ് ഫെഡറല്‍ റിസേര്‍വിന്‍റെ നടപടി ഇടയാക്കിയിട്ടുണ്ട്.
നിരക്ക് മാറ്റം എണ്ണ വിപണിയേയും, വാണിജ്യ മേഖലയേയും ഒന്നടങ്കം ബാധിക്കുമെന്നാണ് റിപ്പോട്ടുകൾ. വിലക്കയറ്റം പിടിച്ചുനിര്‍ത്താനാണ് ബേസിസ് പോയിന്‍റില്‍ വന്‍ വര്‍ദ്ധനവ് നടപ്പാക്കിയതെന്നാണ് ഫെഡറല്‍ റിസേര്‍വിന്‍റെ വിശദീകരണം.
അന്താരാഷ്ട്ര സാമ്പത്തിക രംഗത്തെ ചാഞ്ചാട്ടങ്ങൾ വിലക്കയറ്റവും പണപ്പെരുപ്പവും പിടിച്ചുനിര്‍ത്താനുളള റിസര്‍ബാങ്ക് നീക്കങ്ങൾക്കും തിരിച്ചടിയാവുകയാണ്. വീണ്ടും റിപ്പോ നിരക്കുകൾ ഉയര്‍ത്തേണ്ടി വരുമെന്നാണ് സൂചനകൾ. ഇതോടെ ഇന്ത്യയിലും പലിശ നിരക്ക് ഉയരും. രാജ്യത്തെ വിലക്കയറ്റം 7 ശതമാനത്തിന് താഴെയെത്തിക്കാനുളള നീക്കങ്ങൾക്കും വെല്ലുവിളി ഉയരും.
അതേസമയം ക്രൂഡോയിൽ വില ഉയർന്ന് നില്‍ക്കുന്നതിനാല്‍ യുഎഇ ഉൾപ്പടെ ഗൾഫ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥക്ക് കോട്ടം തട്ടില്ലെന്നാണ് സൂചന. എന്നാൽ സാധാരണ ജനവിഭാഗങ്ങളുടെ പേർസണൽ ലോണുകൾ, ക്രെഡിറ്റ് കാർഡുകൾ, ഭവന വായ്പ തുടങ്ങിയവയുടെ തിരിച്ചടവിനെ സാരമായി ബാധിക്കുമെന്നും ഇഎംഐ തുകയിൽ വർദ്ധനവ് വരുമെന്നുമാണ് വിലയിരുത്തല്‍. പുതിയ വായ്പകള്‍ക്കും നിരക്ക് വര്‍ധിക്കും.
വില നിയന്ത്രിക്കാനുളള വഴി
പലിശയുടെ നിരക്ക് വര്‍ദ്ധിക്കുമ്പോള്‍ കടമെടുപ്പ് കുറയുമെന്നും അതുവഴി വിപണിയിലെ പണമൊഴുക്ക് തടയാനാകുമെന്നുമാണ് വിലയിരുത്തല്‍. കൈവശം പണം കുറഞ്ഞാല്‍ അവശ്യസാധനങ്ങൾ വാങ്ങാനുളള ആളുകളുടെ ശേഷി കുറയുമെന്നും വിലക്കയറ്റം പിടിച്ചുനിര്‍ത്താമെന്നുമാണ് സാമ്പത്തിക തന്ത്രം. എന്നാല്‍ കൊവിഡ് പ്രതിസന്ധിക്കിടെ ലോകം കരകയറാന്‍ ശ്രമിക്കുന്നതിനിടെ പുതിയ വെല്ലുവിളികൾ ഉണ്ടാകുന്നത് തൊഴിലിനേയും ഉല്‍പ്പാദനത്തേയും ബാധിക്കുമെന്നും സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കുമെന്നും വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നു.