പുകവലി നിയന്ത്രിക്കാന്‍ കുവൈറ്റിന്‍റെ നീക്കം. ഗൾഫ് മേഖലയില്‍ പുകവലിക്കാരുടെ ശരാശരി എണ്ണം അധികമായതോടെയാണ് കുവൈറ്റ് ആരോഗ്യമന്ത്രാലയം കര്‍ശന നടപടികളിലേക്ക് കടക്കുന്നത്. അടച്ചിട്ട സ്ഥലങ്ങളിലും ഹാളുകളിലും പുകവലി നിരോധിക്കും. പുകവലി ഉപേക്ഷിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ആരോഗ്യ വിഭാഗത്തിന്‍റെ മേല്‍നോട്ടത്തില്‍ ക്ലിനിക്കുകളുടെ സഹായവും ചികിത്സയും ഏര്‍പ്പെടുത്തും.
പരിസ്ഥിതി കുടുംബ നിയമങ്ങൾക്ക് അനുസൃതമായി നിശ്ചിത പ്രദേശങ്ങളില്‍ മാത്രമാകും ഇനി പുകവലി അനുവദിക്കുക. കുവൈറ്റ് മുനിസിപ്പാലിറ്റി സമിതിയുടെ നിര്‍ദ്ദേശം ഫിനാന്‍ഷ്യല്‍ ആന്‍റ് ലീഗല്‍ കമ്മിറ്റി അംഗീകരിച്ചു. വിഷയം എക്സിക്യൂട്ടിവ് ബോഡിയുടെയും നിയമവിഭാഗത്തിന്റെയും അഭിപ്രായത്തിന് അയയ്ക്കാന്‍ തീരുമാനിച്ചതായി മുനിസിപ്പല്‍ കൗൺസിൽ അംഗം ഫഹദ് അൽ അബ്ദുൽ ജദർ അറിയിച്ചു.
ഇതോടെ മറ്റുളളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും പൊതു ഇടങ്ങളിലുമുളള പുകവലി കുറ്റകരമായി മാറും. പ്രാരംഭ ഘട്ടത്തില്‍ 11 പുകവലി വിരുദ്ധ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് നീക്കം. ഗൾഫ് മേഖലയില്‍ ലബനനാണ് പുകവലി ശരാശരിയില്‍ മുന്നിലുളളത്. രണ്ടാം സ്ഥാനത്താണ് കുവൈറ്റ്.