2022ലെ ബാലൺ ഡി ഓർ പുരസ്കാരം റയൽ മാഡ്രിഡ് താരം കരീം ബെൻസെമ സ്വന്തമാക്കി. ഫ്രഞ്ച് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൺ ഡി ഓർ ചുരുക്കപ്പട്ടികയിലെ 30 താരങ്ങളിൽ നിന്ന് വോട്ടെടുപ്പിലൂടെയാണ് ബെൻസെമയെ തെരഞ്ഞെടുത്തത്.
യുവേഫ പുരസ്കാരം സ്വന്തമാക്കിയ റയൽ മാഡ്രിഡിന്റെ കരീം ബെൻസെമ തന്നെയായിരുന്നു സാധ്യതാ പട്ടികയിൽ മുന്നിൽ നിന്ന താരം. ചാംപ്യൻസ് ലീഗും സ്പാനിഷ് ലീഗും റയലിനായി നേടിയ താരമാണ് ബെൻസെമ. 46 മത്സരങ്ങളിൽ 44 ഗോളുകൾ ബെൻസെമയുടെ സ്വന്തമാണ്.
ബാഴ്സലോണ താരം റോബർട്ട് ലെവൻഡോവ്സ്കി, ലിവർപൂൾ താരം മുഹമ്മദ് സലാ, ബയേൺ മ്യൂണിക് താരം സാദിയോ മാനെ, താര രാജാവ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെല്ലാം സാധ്യതാ പട്ടികയിലുണ്ടായിരുന്നു. നിലവിലെ ജേതാവ് ലയണൽ മെസ്സിക്ക് ഇക്കുറി സാധ്യതാ പട്ടകയിൽ ഇടംനേടാനായില്ലെന്നത് മറ്റൊരു പ്രത്യേകത. ലോകമെമ്പാടുമുള്ള 180 ഫുട്ബോൾ ജേർണലിസ്റ്റുകൾ ചേർന്നാണ് വിജയിയെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്.
അലക്സിയ പുത്തിയാസ് ആണ് മികച്ച വനിതാ താരത്തിനുള്ള ബാലൺ ഡി ഓർ നേടിയത്. യുവതാരത്തിനുള്ള കോപ്പ ട്രോഫി ബാഴ്സലോണയുടെ ഗാവി സ്വന്തമാക്കി.