കഴിഞ്ഞ ജൂണിൽ ഒഡിഷ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തിന് കാരണം സിഗ്നലിലെ തകരാറെന്ന് റെയില്‍വേ മന്ത്രാലയം. രാജ്യസഭയില്‍ എംപിമാരുടെ ചോദ്യത്തിന് മറുപടിയായി റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. എംപിമാരായ മുകുള്‍ വാസ്‌നിക്, ജോണ്‍ ബ്രിട്ടാസ്, സഞ്ജയ് സിങ് എന്നിവരുടെ ചോദ്യങ്ങള്‍ക്കായിരുന്നു റെയില്‍വേ മന്ത്രാലയത്തിൻ്റെ മറുപടി.
റെയിൽവേ സ്റ്റേഷന് വടക്കുവശത്തുള്ള സിഗ്നൽ സംവിധാനത്തിൽ സർക്യൂട്ട് മാറ്റത്തിലെ പിഴവുകളും അടുത്തുള്ള ലെവൽ ക്രോസിംഗ് ഗേറ്റിലെ സിഗ്നലിംഗ് ജോലികൾ നടത്തിയതിലെ പാളിച്ചകളുമാണ് വിനയായത്. സിഗ്നൽ വീഴ്ച കാരണം കോറമണ്ഡൽ എക്സ്പ്രസിന് തെറ്റായ സന്ദേശം ലഭിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
അപകടത്തില്‍ 295 പേര്‍ മരിക്കുകയും ആയിരത്തോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.അപകടത്തില്‍ മരിച്ച 41 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനത്തിനായി 258 അപേക്ഷകള്‍ ലഭിച്ചെന്നും ഇതില്‍ 51 പേര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കിയെന്നും റെയിൽവേ വ്യക്തമാക്കി. ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങള്‍ ഭുവനേശ്വറിലെ എയിംസില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും റെയിൽവേ മന്ത്രാലയം പറഞ്ഞു.