വിന്റർ ഇനി ആഘോഷമാക്കാം. ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവിസുകളുടെ വിന്റർ ഷെഡ്യൂൾ എയർ ഇന്ത്യ പ്രഖ്യാപിച്ചു. ഒക്ടോബർ 29ന് പുതിയ ഷെഡ്യൂൾ നിലവിൽ വരും. ഈ സീസണിൽ കോഴിക്കോട്ടേക്ക് എല്ലാ ദിവസവും സർവിസുകൾ ഉണ്ടായിരിക്കും. ഞായർ, തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്ക് ഞായർ, ബുധൻ ദിവസങ്ങളിലും എയർ ഇന്ത്യയുടെ വിമാന സർവിസുകൾ ഉണ്ടാവും. കൂടാതെ മംഗളൂരു, കണ്ണൂർ ഭാഗത്തേക്ക് ഞായർ, ചൊവ്വ ദിവസങ്ങളിൽ ഒരു സർവീസും ഉണ്ടാകും. മാത്രമല്ല, ഡൽഹിയിലേക്ക് എല്ലാ ദിവസവും എയർ ഇന്ത്യ സർവീസ് ഉണ്ടാകും.
അതേസമയം കോഴിക്കോട്ടേക്ക് നിലവിൽ അഞ്ചു ദിവസമാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നത്. ഈ സർവീസുകളാണ് എല്ലാ ദിവസവുമായി മാറുന്നത്. എന്നാൽ സർവിസുകൾ രാത്രിയിലാകാനാണ് സാധ്യതയെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. ഇത് യാത്രക്കാർക്ക് കൂടുതൽ പ്രയോജനം ചെയ്യും. കൊച്ചിയിലേക്ക് രണ്ടു ദിവസം മാത്രമാണ് നിലവിൽ ഡയറക്ട് സർവിസുള്ളത്. ഇത് ഇനി നാലായി മാറും. ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ സർവിസ് നിലവിൽ ആറായിരുന്നു. ഇത് നിത്യേനയായി മാറുകയും ചെയ്യും. സർവിസുകളുടെ സമയവിവരങ്ങൾ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ കോംപ്ലിമെന്ററി മീൽസ് നിർത്തലാക്കിയതായും അറിയിപ്പുണ്ട്.