ബഹ്റൈൻ, പേർഷ്യൻ ഗൾഫിലെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ പ്രദേശം. മുപ്പതിലധികം ദ്വീപുകൾ ഉൾക്കൊള്ളുന്ന ഒരു ദ്വീപ് രാജ്യം. നമ്മുടെ കേരളത്തിലെ ഒരു ജില്ലയുടെ വലിപ്പം മാത്രമുളള കൊച്ചുരാജ്യം. ‘രണ്ട് കടലുകൾ’ എന്നാണ് ബഹ്റൈൻ എന്ന വിളിപ്പേരിന് അർത്ഥം. നയങ്ങളും നിലപാടുകളും ഉയർത്തിപ്പിടിച്ച് ഗൾഫ് മേഖലയിൽ തങ്ങളുടേതായ സ്ഥാനം അടയാളപ്പെടുത്തുകയാണ് ബഹ്റൈൻ. 52 വർഷങ്ങൾക്ക് മുമ്പ് സ്വതന്ത്രബഹ്റിൻ രൂപീകൃതമായതിൻ്റെ ആഘോഷങ്ങൾ വിപുലമാക്കാനുളള തയ്യാറെടുപ്പിലാണ് ആ ജനത.
പതിനെട്ടാം നൂറ്റാണ്ടിൻ്റെ അവസാനം മുതൽ ബഹ്റൈനിൻ്റെ ഭരണം കൈയാളിയത് അൽ ഖലീഫ കുടുംബമാണ്. 1820-ൽ ഒരു സമാധാന ഉടമ്പടി ഒപ്പുവെച്ച് ബ്രിട്ടീഷ് സാമ്രാജ്യവുമായി ഒരു അടുത്ത ബന്ധം ബഹ്റൈൻ കാത്തു സൂക്ഷിച്ചു. മറ്റു പേർഷ്യൻ രാജ്യങ്ങളുമായും സമാനമായ കരാറുകൾ ബ്രിട്ടീഷ് സാമ്രാജ്യം ഇക്കാലത്ത് നിലനിർത്തിപ്പോന്നിരുന്നു. എന്നാൽ 1968-ൽ ഗൾഫിൽ നിന്ന് തങ്ങളുടെ എല്ലാ സേനകളെയും പിൻവലിക്കാനുള്ള ബ്രിട്ടൻ്റെ തീരുമാനം ബഹ്റിൻ്റെ സ്വാതന്ത്ര്യത്തിനും വഴിതെളിച്ചു. തുടർന്ന് അറബ് ലീഗിലും ഐക്യരാഷ്ട്രസഭയിലും ബഹ്റൈൻ അംഗമായി.
സ്വതന്ത്ര ബഹ്റൈൻ
ബ്രിട്ടീഷ് അധീനതയിലായിരുന്ന ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാരിച്ച 1971 ആഗസ്റ്റ് 15-ന് ബഹ്റൈനും സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. എന്നാൽ ആ തീയതി ബഹ്റൈൻ ആഘോഷിക്കുകയോ അടയാളപ്പെടുത്തുകയോ ചെയ്യുന്നില്ല. പകരം അന്തരിച്ച അമീർ ഇസ ബിൻ സൽമാൻ അൽ ഖലീഫ സിംഹാസനത്തിലേറിയ ഡിസംബർ 16 ആണ് ബഹ്റൈൻ ദേശീയ ദിനമായി കണക്കാക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്.
സ്വാതന്ത്ര്യാനന്തരം ഉടലെടുത്ത ആഭ്യന്തര കലാപങ്ങളും പേർഷ്യൻ രാജ്യങ്ങൾ തമ്മിലുണ്ടായ പോർവിളികളും ബഹ്റൈനെ ബാധിച്ചു. എണ്ണ പ്രധാന വരുമാന സ്ത്രോതസ്സായ രാജ്യത്ത് എണ്ണവിലയിലും ഉൽപ്പാദനത്തിലുമുള്ള ഇടിവ് കനത്ത ആഘാതമായി. പൊതുചെലവിലെ വെട്ടിക്കുറക്കുന്നതുൾപ്പടെ സാമ്പത്തികവും സാമൂഹികവുമായ ആവലാതികളിൽ സ്വതന്ത്ര ബഹ്റൈനിലെ രാഷ്ട്രീയ അശാന്തിക്ക് ആക്കം കൂട്ടി.
1981-ൽ അറബ് ഗൾഫ് രാജ്യങ്ങളുമായി ചേർന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രൂപീകരിച്ചപ്പോൾ ബഹ്റൈനും കൂടെച്ചേർന്നു. ഇത് സ്വതന്ത്ര വ്യാപാരത്തിനും സാമ്പത്തിക, പ്രതിരോധരംഗത്തെ ബന്ധങ്ങൾക്കും കാരണമായി. അര നൂറ്റാണ്ടിൻ്റെ പരിശ്രമവും ദീർഘവീക്ഷണവും കൊണ്ട് രാജ്യം വളർച്ചയുടെ പടവുകൾ താണ്ടിത്തുടങ്ങിയ കാലമാണിത്. വിദേശ നയങ്ങൾ രൂപപ്പെടുത്തുന്നതിലും ആഭ്യന്തര വളർച്ച ത്വരിതപ്പെടുത്തുന്നതിലും ബഹ്റൈൻ്റെ മുന്നേറ്റം ശ്രദ്ധാർഹമാണ്.
ബഹ്റൈൻ്റെ ശക്തി
ലോകത്തിലെ ഏറ്റവും മികച്ച മുത്തുകൾ ഉത്പാദിപ്പിക്കപ്പെട്ടിരുന്ന രാജ്യയമായിരുന്നു ബഹ്റൈൻ. പ്രദേശത്തെ എണ്ണ നിക്ഷേപത്തിൻ്റെ കണ്ടെത്തലോടെ ബഹ്റൈനിലെ മുത്തുവാരലിന് അന്ത്യമായി. പ്രധാന ദ്വീപിൻ്റെ വടക്കൻ ഭാഗങ്ങൾ കൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങളാണ്. എങ്കിലും പ്രതിശീർഷ വരുമാനത്തിന്റെ ഒരുശതമാനം മാത്രമാണ് കൃഷിയിൽ നിന്ന് ലഭിക്കുന്നത്. ഈത്തപ്പഴം, പച്ചക്കറികൾ, പാലുല്പന്നങ്ങൾ, തക്കാളി, അനാർ തുടങ്ങിവയാണ് പ്രധാന കാർഷിക വിളകൾ. ബാങ്കിംഗ്, ടൂറിസം മേഖലകളും ബഹ്റൈനിൽ ശക്തമായ സ്വാധീനം ചെലുത്തുന്നു.
ജനസംഖ്യയിൽ മൂന്നിൽ രണ്ടും അറബ് വംശജരാണ്. അവരിൽ തന്നെ ചെറിയൊരു വിഭാഗം ഒമാനികളും സൗദി അറേബ്യക്കാരും വരും. ഇറാൻ , ഇന്ത്യ, ഫിലിപ്പൈൻസ്, പാകിസ്താൻ , ബ്രിട്ടൺ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദേശികളിലും രാജ്യത്തുണ്ട്. എങ്കിലും അറബ് രാജ്യങ്ങളിൽ വെച്ച് കൂടുതൽ സ്വതന്ത്രമായ സാമൂഹിക ഘടനയുള്ള രാജ്യയമാണ് ബഹ്റൈൻ. ആഘോഷങ്ങൾക്കും വർണ്ണാഭമായ ആചാരങ്ങൾക്കും വലിയ സ്ഥാനമാണ് രാജ്യം നൽകുന്നത്.
2002 മുതൽ മുനിസിപ്പൽ, പാർലമെൻ്റ് തെരഞ്ഞെടുപ്പുകൾ നടത്തുകയും ജനകീയ ഭരണക്രമത്തിന് തുടക്കമിടുകയും ചെയ്തതും ബഹ്റൈനെ ഗൾഫ് മേഖലയിൽ വെത്യസ്തമാക്കുന്നു. ഹമദ് ബിൻ ഈസ അൽ ഖലീഫയ്കക്ക് കീഴിൽ രാജ്യം പുതിയ ഉയരങ്ങളിലേക്കുളള യാത്രയിലാണ്. ബിസിനസ്, വിനോദ വിനോദസഞ്ചാര വ്യവസായം, അലുമിനിയം സംസ്കരണ സൗകര്യങ്ങൾ, കപ്പൽ നിർമ്മാണം, കപ്പൽ നന്നാക്കൽ വ്യവസായ, ടൂറിസം തുടങ്ങി സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികളിലൂടെ രാജ്യം പുതിയ അഭിവൃദ്ധിയിലേക്ക് കുതിക്കുകയാണ്.