രാജ്യത്ത് മൊബൈൽ ഫോൺ ഉപയോഗം സുരക്ഷിതമാണെന്ന് യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെൻ്റ് റെഗുലേറ്ററി അതോറിറ്റി. ചില മൊബൈൽ ഫോൺ മോഡലുകൾ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന സമീപകാല മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അതോറിറ്റിയുടെ അറിയിപ്പ്.
യുഎഇയിലെ മൊബൈൽ ഫോണുകൾക്കുള്ള അംഗീകാര പ്രക്രിയ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര സുരക്ഷയും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതാണെന്ന് അതോറിറ്റി( TDRA) പറഞ്ഞു. ഉപയോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുനൽകുന്ന എല്ലാ പരിശോധനകളും പൂർത്തിയാക്കിയാണ് അനുമതി നൽകുക. വൈദ്യുതകാന്തിക വികിരണം ഉൾപ്പെടെ കണക്കിലെടുക്കുമെന്നും അധികൃതർ വിശദീകരിച്ചു.
ചില മൊബൈൽ ഫോണുകളുടെ മോഡലുകളുടെ സുരക്ഷയെക്കുറിച്ചാണ് സമീപകാല മാധ്യമ റിപ്പോർട്ടുകളിൽ ആശങ്ക ഉയർന്നത്. സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് രാജ്യത്തെ എല്ലാ മൊബൈൽ ഫോണുകളും അംഗീകരിച്ചതെന്നും TDRA സ്ഥിരീകരിച്ചു. അറബിക്, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലാണ് അതോറിറ്റിയുടെ വിശദീകരണം.