ദുബായിൽ ഡ്രൈവറില്ലാ വാഹനങ്ങൾ വ്യാപിപ്പിക്കാനൊരുങ്ങി ചൈനീസ് കമ്പനിയായ വി റൈഡ്. ഡ്രൈവറില്ലാ വാഹനങ്ങൾ ഓടിക്കുന്നതിന് യുഎഇയിൽ പ്രാഥമിക ലൈസൻസ് നേടിയ ചൈനീസ് കമ്പനി 2025ഓടെ നൂറുകണക്കിന് വാഹനങ്ങൾ നിരത്തിലിറക്കാനാണ് പദ്ധതിയിടുന്നത്. ജൂലൈയിലാണ് ‘വി റൈഡ്’ എന്ന കമ്പനിക്ക് ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിന് യുഎഇയിൽ അനുമതി ലഭിച്ചത്.
റോബോ ടാക്സി, റോബോ ബസുകൾ, റോബോ വാനുകൾ, റോബോ സ്വീപറുകൾ എന്നിവയാണ് ഇതുവഴി കമ്പനിക്ക് നിരത്തിലിറക്കാൻ സാധിക്കുക. നിലവിൽ എട്ട് റോബോ ടാക്സികളും രണ്ട് റോബോ ബസുകളും അടക്കം 10 വാഹനങ്ങൾ യുഎഇയിൽ ഓടുന്നുണ്ട്. ഇത് അടുത്ത
2 വർഷത്തിനുള്ളിൽ വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ ഭാവി ഗതാഗത നയം മുന്നിൽ കണ്ടാണ് പുതിയ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ നിർമ്മിച്ചത്.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ പതിനായിരത്തിലേറെ യാത്രക്കാർ യുഎഇയിൽ റോബോ ടാക്സികൾ പരീക്ഷിച്ചിട്ടുണ്ട്. യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുഎഇയിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ ലൈസൻസിന് കമ്പനി അപേക്ഷിച്ചതും ലൈസൻസ് അനുവദിച്ചതും. നേരത്തെ ചൈനയിലും യു.എസിലും മാത്രമായിരുന്നു കമ്പനിക്ക് ലൈസൻസ് ലഭിച്ചിരുന്നത്. 2030ഓടെ 25ശതമാനം ഗതാഗത മാർഗങ്ങളും നൂതന രീതിയിലാക്കാനാണ് ദുബായ് എമിറേറ്റ് ലക്ഷ്യമിടുന്നത്.