റോഡപകടങ്ങളും ഗതാഗതക്കുരുക്കുകളും വർധിക്കുന്ന സാഹചര്യത്തിൽ നിയമങ്ങൾ കർശനമാക്കുകയാണ് അധികൃതർ. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്നത്.
വാഹനമോടിക്കുമ്പോൾ റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന സിഗ്നൽ നിയമങ്ങൾ പാലിക്കാത്തവർക്ക്മേൽ പിഴ ഉൾപ്പെടെയുള്ളവയാണ് ആദ്യഘട്ടത്തിൽ ചുമത്തുക. റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിച്ചാൽ ഇനിമുതൽ ഓരോ വ്യക്തിയും 6,000 റിയാൽ വരെയാണ് പിഴയായി നൽകേണ്ടിവരിക. കൂടാതെ നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികളും അധികൃതർ സ്വീകരിക്കും. വീണ്ടും ലംഘനം ആവർത്തിച്ചാൽ ശക്തമായ നടപടികളും നേരിടേണ്ടിവരും.
ട്രാഫിക് നിയമങ്ങളേക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികളും അധികൃതർ നടപ്പിലാക്കുന്നുണ്ട്. അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിനുകൾ നടത്തുന്നത്. ഡ്രൈവർമാർ തങ്ങളുടെയും റോഡിലൂടെ സഞ്ചരിക്കുന്ന മറ്റുള്ളവരുടെയും സുരക്ഷയെ മുൻനിറുത്തി വേണം വാഹനമോടിക്കാനെന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്.