മദീനയിൽ ബസ് റാപിഡ് ട്രാൻസിറ്റ് സേവനം നടപ്പിലാക്കാൻ തീരുമാനിച്ചതായി മദീന റീജിയൻ ഡവലപ്മെന്റ് അതോറിറ്റി അറിയിച്ചു. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മദീനയിലെ പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി സൗഹൃദമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ബസുകളായിരിക്കും സർവ്വീസ് നടത്തുക. രണ്ട് പ്രധാന ട്രാക്കുകളിലൂടെ ഏകദേശം 52 കിലോമീറ്റർ ദൂരത്തിലുള്ള യാത്രയാണ് വിഭാവനം ചെയ്തിരിക്കുന്നത്. മണിക്കൂറിൽ 1,800-ഓളം പേർക്ക് സുഗമമായി യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ട്രാക്കിൽ 22 ബസ് സ്റ്റോപ്പുകളും രണ്ടാമത്തെ ട്രാക്കിൽ 11 സ്റ്റോപ്പുകളും ഉൾപ്പെടെ 33 സ്റ്റേഷനുകളാണ് സർവ്വീസിന്റെ ഭാഗമായി നിർമ്മിക്കുന്നത്.