ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചീറ്റപ്പുലി ആശയുടെ ഗർഭമലസിയതായി റിപ്പോർട്ടുകൾ. സെപ്റ്റംബറിൽ ആശ ഗർഭിണിയാണെന്ന് വിവരം പുറത്തുവന്നിരുന്നു. സെപ്റ്റബർ അവസാനത്തോടെ നടക്കേണ്ട പ്രസവം നവംബർ ആദ്യ വാരമായിട്ടും നടന്നില്ല. ഇതോടെ ആശയുടെ ഗർഭമലസിയതായി സ്ഥിരീകരിച്ചു. മാനസിക സമ്മർദ്ദമാണ് കാരണമെന്ന് ചീറ്റ കൺസർവേഷൻ ഫണ്ട് അറിയിച്ചു.
ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോൾ തന്നെ ആശ ഗർഭിണിയായിരുന്നു. കുനോയിൽ പരിശോധന സംവിധാനമില്ലാത്തതിനാൽ എത്രമാസമായി എന്നത് വ്യക്തമായിരുന്നില്ല. ഗർഭിണിയായതിനാൽ നല്ല രീതിയിലുള്ള പരിചരണവും അധികൃതർ ആശക്ക് നൽകിയിരുന്നു. ഏകദേശം 100 ദിവസമായി ആശ ഇന്ത്യയിൽ എത്തിയിട്ട്. 93 ദിവസമാണ് ചീറ്റകളുടെ ഗർഭകാലം.
ആവാസവ്യവസ്ഥ മാറിയതിനാൽ മാനസിക സമ്മർദ്ദമുണ്ടായിരുന്നു. ഗർഭത്തിൻ്റെ തുടക്കത്തിൽ തന്നെ ഗർഭമലസിയെന്നാണ് നിഗമനമെന്നും അധികൃതർ പറഞ്ഞു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തിൻ്റെ ഭാഗമായാണ് സെപ്റ്റംബർ 17ന് നമീബിയയിൽ നിന്ന് ചീറ്റപ്പുലികളെ കൊണ്ടുവന്നത്. ഭോപ്പാലിലെ കുനോ വന്യജീവി സങ്കേതത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് 8 ചീറ്റപ്പുലികളെ തുറന്നുവിട്ടത്.