യുഎഇയുടെ 52-മത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബിയിലെ സർക്കാർ മേഖലയിലെ അവധിദിനങ്ങൾ പ്രഖ്യാപിച്ചു. ഡിസംബർ 2 മുതൽ 4 വരെയാണ് ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
അവധിയ്ക്ക് ശേഷം സർക്കാർ സ്ഥാപനങ്ങൾ ഡിസംബർ 5 മുതൽ പുനരാരംഭിക്കും. കൂടാതെ ഡിസംബർ 1-ന് റിമോട്ട് വർക്കിങ്ങ് (ജീവനക്കാർ നേരിട്ട് എത്തേണ്ടതായ പദവികളിൽ ഒഴികെ) നടപ്പിലാക്കാനും തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി. ഇതിനിടെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 2 മുതൽ 4 വരെ യുഎഇയിലെ സർക്കാർ മേഖലയിൽ അവധി നൽകാനുള്ള തീരുമാനത്തിന് യുഎഇ ക്യാബിനറ്റ് അംഗീകാരം നൽകി.
1971-ൽ എമിറേറ്റ്സിന്റെ ഏകീകരണം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ വർഷവും ഡിസംബർ 2-ന് യുഎഇ ദേശീയ ദിനമായി ആചരിക്കുന്നത്. ഈ വർഷം രാജ്യം രൂപീകൃത്യമായിട്ട് 52 വർഷം പൂർത്തിയാകുകയാണ്.