ചിത്രകലയുടെ മാസ്‌മരികതയാൽ മലയാളികളെ വിസ്‌മയിപ്പിച്ച ആർട്ടിസ്‌റ്റ് നമ്പൂതിരി (97) അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് അന്ത്യം. കരുവാട്ട് മന വാസുദേവൻ നമ്പൂതിരിയെന്നാണ് ഔദ്യോഗിക പേര്.
ലളിതമായ രേഖാചിത്രങ്ങള്‍ കൊണ്ട് മലയാളിയുടെ സാഹിത്യലോകത്തെ ദ്യശ്യവത്കരിച്ച പ്രതിഭയാണ് വിടവാങ്ങിയത്. വരയും ഛായാചിത്രവും ശിൽപ്പകലയും കലാസംവിധാനവും ഉൾപ്പെടെ കൈവച്ച മേഖലകളിലെല്ലാം തനതായ വ്യക്തിമുദ്ര പ്രകടമാക്കിയ പ്രതിഭയായിരുന്നു ആർട്ടിസ്റ്റ് നമ്പൂതിരി. ചരിത്ര കഥാപാത്രങ്ങളെ വരകളിലൂടെ അവതരിപ്പിക്കുമ്പോൾ ജീവൻ തുടിക്കുന്ന ചിത്രങ്ങളായി ആസ്വാദകർക്ക് തോന്നുമായിരുന്നു.
തകഴി,എസ് കെ പൊറ്റെക്കാട്ട്, എം ടി, വി കെ എന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങിയ പ്രമുഖരുടെ നോവലുകള്‍ക്കും കഥകള്‍ക്കും ചിത്രങ്ങൾ വരച്ചാണ് ആർട്ടിസ്റ്റ് നമ്പൂതിരി വരയുടെ ലോകത്ത് ഇരിപ്പിടം സ്വന്തമാക്കിയത്. പിന്നീട് ആനുകാലികങ്ങളിലെ സജീവ് വരയെഴുത്തുകാരാനായി.
ഉത്തരയാനം, കാഞ്ചനസീത തുടങ്ങിയ സിനിമകളുടെ ആര്‍ട്ട് ഡയറക്ടറായിരുന്നു. ഉത്തരായണത്തിന് കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2004ൽ കേരള ലളിതകലാ അക്കാദമി രാജാ രവിവർമ പുരസ്കാരം നൽകി ആദരിച്ചു. 2022ലും ലളിതകലാ അക്കാദമി ആദരിച്ചു. കേരള ലളിതകലാ അക്കാദമി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
അദ്ദേഹത്തിൻ്റെ സ്ത്രീവരകളും കഥകളി കലാകാരൻമാരെക്കുറിച്ചുള്ള ചിത്രശേഖരവും ശ്രദ്ധയമാണ്. ആത്മകഥാംശമുള്ള “രേഖകൾ’ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.
1960 മുതൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വരച്ചുതുടങ്ങിയ നമ്പൂതിരി കലാകൗമുദി, സമകാലിക മലയാളം തുടങ്ങിയ മാധ്യമങ്ങളിലും പ്രവർത്തിച്ചിരുന്നു.
1925 സെപ്‌തംബർ 13ന് പൊന്നാനിയിലെ കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിൻ്റേയും മകനായായിരുന്നു ജനനം. നിലവിൽ ഇളയ മകൻ വാസുദേവനും കുടുംബത്തിനുമൊപ്പം എടപ്പാൾ നടുവട്ടത്തെ വീട്ടിലായിരുന്നു താമസം. മൃണാളിനിയാണ് ഭാര്യ. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും.