ഖത്തർ ലോകകപ്പ് ചാമ്പ്യന്മാരായി മടങ്ങിയ അർജന്റീനയുടെ ആരാധകർ താമസിച്ച ഫ്ലാറ്റിൽ താമസിക്കാൻ അവസരം. ലയണൽ മെസ്സിയും ഡിപോളും എയ്ഞ്ചൽ ഡി മരിയയും കളിക്കളത്തിൽ പന്ത് തട്ടുമ്പോൾ ഗാലറിയിൽ ഇരുന്നുകൊണ്ട് ഊർജം പകർന്ന അർജന്റീനക്കാരായ ആരാധകക്കൂട്ടം ലോകകപ്പ് വേളയിൽ താമസിച്ച ഖത്തറിലെ താമസ കേന്ദ്രമാണ് പ്രശസ്തി പിടിച്ച് പറ്റുന്നത്. ലോകകപ്പ് വേളയിൽ അർജന്റീനയുടെ മത്സരം കാണാൻ ഖത്തറിലെത്തിയ 35,000ത്തോളം അർജന്റീനക്കാർ താമസിച്ച അൽ വക്റയിലെ കെട്ടിട സമുച്ചയങ്ങളാണ് ‘അർജന്റീന നൈബർഹുഡ്’ എന്ന പേരിൽ പുതിയ താമസക്കാരെ ക്ഷണിക്കുന്നത്.
രാജ്യത്തെ റെസിഡൻഷ്യൽ ഫ്ലാറ്റുകളാക്കി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് അർജന്റീന ആരാധകർ തങ്ങിയ ഈ ഫ്ലാറ്റുകൾ ലോകകപ്പ് സ്മരണകളാക്കി പുതിയ താമസക്കാരിലേക്ക് എത്തിക്കുന്നത്. ഖത്തറിലെ പ്രമുഖ പ്രോപ്പർട്ടി ആൻഡ് ഫെസിലിറ്റി മാനേജ്മെന്റ് സർവിസ് കമ്പനിയായ ‘വസീഫാണ്’ ഈ ആശയത്തിനു പിന്നിൽ. ഖത്തറിലെ തൊഴിലാളികൾക്കുള്ള പാർപ്പിട സമുച്ചയമായാണ് ഇവ മാറ്റുന്നത്.
1404 ഹൗസിങ് യൂണിറ്റുകളുള്ള ഇവിടെ 16,848 മുറികളാണ് ഉള്ളത്. ഇവിടെ 67,392 പേർക്ക് താമസിക്കാൻ കഴിയുമെന്നാണ് വസീഫ് കണക്കാക്കുന്നത്. കൂടാതെ തൊഴിലാളികൾക്കുള്ള പാർപ്പിട കേന്ദ്രം എന്ന നിലയിൽ പദ്ധതി പരിചയപ്പെടുത്താനായി വസീഫ് മാനേജ്മെന്റ് കമ്പനി പ്രതിനിധികൾക്കായി അവതരണയോഗവും നടത്തി. തൊഴിലാളികൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ താമസ സാഹചര്യം ഉറപ്പാക്കുന്ന സ്മാർട്ട് സിറ്റി സാങ്കേതികത്വങ്ങളോടെയാണ് ഇവിടം ഒരുക്കിയതെന്നും വസീഫ് കൂട്ടിച്ചേർത്തു. പ്രാദേശിക മാർക്കറ്റ്, മറ്റ് അനുബന്ധ സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാം ഉൾക്കൊള്ളുന്നതാണ് ഈ കെട്ടിട സമുച്ചയം.