സൗദി അറേബ്യയുടെ അട്ടിമറിയിൽ നിലംതൊടാതെ അർജൻ്റീനയ്ക്ക് ദയനീയ തോൽവി. ഖത്തർ ലോകകപ്പിൽ അർജൻ്റീനയ്ക്ക് വാഴ്ത്തുപാട്ടുമായി സ്റ്റേഡിയം നിറഞ്ഞ ആരാധക ലക്ഷങ്ങളെ സങ്കടക്കടലിലാഴ്ത്തി ലുസൈൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യ ചരിത്ര വിജയം നേടി.
ആദ്യ പകുതിയിൽ ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിൽ പൂജ്യത്തിൽ നിന്ന് സൗദി, രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ചാണ് മിന്നും വിജയം സ്വന്തമാക്കിയത്. പിന്നെ ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് അർജൻ്റീനയെ പ്രതിരോധിച്ചും ആക്രമിച്ചുമുള്ള സൗദിയുടെ പടയോട്ടത്തിനാണ്.
ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിലായിപ്പോയ സൗദി അറേബ്യ, രണ്ടാം പകുതിയിൽ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീനയെ ഞെട്ടിച്ചത്. സാല അൽ ഷെഹ്റി (48), സാലെം അൽ ദസാരി (53) എന്നിവരാണ് സൗദിക്കായി ഗോൾ നേടിയത്.
അട്ടിമറി ജയം
കളിയുടെ 48–ാം മിനിറ്റിലാണ് അർജൻ്റീന ആരാധകരെ സമാധാനം നഷ്ടപ്പെടുത്തിയ സൗദിയുടെ ആദ്യ ഗോൾ. ഫെറാസ് അൽ ബ്രീകൻ നൽകിയ പാസ് പിടിച്ചെടുത്ത് അർജൻ്റീന ബോക്സിൽ കടന്ന സാല അൽ ഷെഹ്റി, ക്രിസ്റ്റ്യൻ റൊമേരോയേയും ഗോളിനു മുന്നിൽ കാവൽ നിന്ന എമിലിയാനോ മാർട്ടിനസിനെയും കടന്ന് പന്ത് പോസ്റ്റിലെത്തിച്ചു. സ്കോർ 1–1.
അർജൻ്റീനയ്ക്ക് ഞെട്ടൽ മാറും മുൻപേ സൗദി വീണ്ടും ഗോൾപോസ്റ്റിലേക്ക് പന്ത് പായിച്ചു. ഇത്തവണ ലക്ഷ്യം കണ്ടത് സാലെം അൽ ഡാവ്‌സാരി. പന്തുമായി അർജൻ്റീന ബോക്സിൽ കടന്ന ഡാവ്സാരി തെടുത്ത ഷോട്ട് എമിലിയാനോ മാർട്ടിനസിൻ്റെ കൈകളിൽ തട്ടി വലയിൽ കയറി. സ്കോർ 2–1.
മെസ്സി ഉൾപ്പെടെയുള്ളവർ മൂന്നു തവണ കൂടി പന്ത് സൗദി വലയിലെത്തിച്ചെങ്കിലും അതെല്ലാം ഓഫ്സൈഡ് കെണിയിൽ കുരുങ്ങി. അർജൻ്റീനയെ തെല്ലും വകവയ്ക്കാതെ പോരാട്ടം നടത്തി സൗദി അറേബ്യ.