രണ്ട് കോടിയിലേറെ രൂപ( പത്ത് ലക്ഷം ദിർഹം)യുടെ അറബ് ഹോപ് മേക്കേഴ്‌സ് സംരംഭത്തിന് യുഎഇയിൽ ആരംഭം. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്. 2017-ൽ ആരംഭിച്ച പദ്ധതി വ്യക്തിപരമായ നേട്ടങ്ങളോ ആഗ്രഹങ്ങളോ ഇല്ലാതെ ഗൾഫ് സമൂഹത്തിൽ വലിയ മാറ്റമുണ്ടാക്കാൻ സമയവും പരിശ്രമവും വിനിയോഗിക്കുന്ന ‘ഹോപ് മേക്കേഴ്സിനെ’ കണ്ടെത്തി ആദരിക്കുന്നതിനുള്ള ഇത്തരത്തിലുള്ള ഏറ്റവും വലിയ സംരംഭമാണിതെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ട്വിറ്ററിലൂടെയാണ് ഷെയ്ഖ് മുഹമ്മദ് ഇക്കാര്യം അറിയിച്ചത്. പ്രതീക്ഷയാണ് ശക്തിയുടെയും മാറ്റത്തിന്റെയും എൻജിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദരിക്കുന്നതിനും അവരുടെ പ്രയത്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനും ഹോപ് മേക്കേഴ്സിനെ തിരയുകയാണെന്നും അദ്ദേഹം അറിയിച്ചു. പ്രദേശത്തെ സംഘർഷങ്ങളെയും നിരാശയെയും നിഷേധാത്മകതയെയും കുറിച്ച് ആളുകൾ സംസാരിക്കുമ്പോൾ പ്രതീക്ഷയെക്കുറിച്ചും നന്മ ചെയ്യുന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് ഹോപ് മേക്കേഴ്സ്. എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ആയിരക്കണക്കിന് ഹോപ് മേക്കേഴ്സുണ്ടെന്നാണ് വിവരം.