വിവാദ റഫറി അൻ്റോണിയോ മത്തേയോ ലാഹോസ് ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങളിൽ ഉണ്ടാകില്ല. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ പുറത്തെടുത്ത മത്സരമായിരുന്നു അര്‍ജൻ്റീന- നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ മത്സരം. മത്സരം നിയന്ത്രിച്ച റഫറി അൻ്റോണിയോ മത്തേയോ ലാഹോസ് കടുത്ത വിമര്‍ശനങ്ങളാണ് നേരിട്ടത്. 18 കാര്‍ഡുകളാണ് ലാഹോസ് അന്ന് പുറത്തെടുത്തത്. വിവാദ റഫറിയായി ശ്രദ്ധേയനായ സ്പാനിഷ് റഫറി ഇനി ഖത്തര്‍ ലോകകപ്പിന് നിയന്ത്രണം വഹിക്കില്ല.
അര്‍ജൻ്റീന ക്യാപ്റ്റന്‍ ലയണല്‍ മെസി, ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് എന്നിവരെല്ലാം റഫറിക്കെതിരെ രംഗത്തെത്തിയിരുന്നു. ലോകകപ്പ് പോലുള്ള മത്സരം നിയന്ത്രിക്കാന്‍ അല്‍പം കൂടി നിലവാരമുള്ള റഫറിമാറെ നിയോഗിക്കണമെന്നായിരുന്നു മെസിയുടെ ആവശ്യം. ലൂസേഴ്‌സ് ഫൈനല്‍ ഉള്‍പ്പെടെ നാല് മത്സരങ്ങളാണ് ഇനി ലോകകപ്പില്‍ നടക്കാനിരിക്കുന്നത്.
ക്രൊയേഷ്യ- അര്‍ജന്റീന സെമി ഫൈനല്‍ മത്സരം നിയന്ത്രിക്കുക ഇറ്റാലിയന്‍ റഫറി ഡാനിയേല ഓര്‍സാറ്റ് ആണ്. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലെ റഫറിയിംഗിനെതിരെ ടീം വ്യാപക പരാതി ഉയര്‍ത്തിയതോടെയാണ് പാനലിലുള്ള ഏറ്റവും മികച്ച റഫറിയെ തന്നെ കളത്തിലിറക്കാന്‍ ഫിഫ തീരുമാനിക്കുകയായിരുന്നു. ഇറ്റാലിയന്‍ ലീഗിലെ ഏറ്റവും മികച്ച റഫറിമാറിലൊരാളാണ് ഇന്നിറങ്ങുന്ന ഓര്‍സാറ്റ്. ഈ ലോകകപ്പിലെ ഖത്തര്‍-ഇക്വഡോര്‍ ഉദ്ഘാടന മത്സരം നിയന്ത്രിച്ചത് ഇദ്ദേഹമായിരുന്നു.
അതേസമയം, അര്‍ജൻ്റീന നെതര്‍ലന്‍ഡ്സ് ടീമുകള്‍ക്കെതിരെ അന്വേഷണം ഫിഫ അന്വേഷണം നടത്തുകയാണ്. നെതര്‍ലന്‍ഡ്സിനെതിരായ മല്‍സരത്തില്‍ താരങ്ങളും കോച്ചും അച്ചടക്കലംഘനം നടത്തിയോ എന്നാണ് ഫിഫ അന്വേഷിക്കുന്നത്.
അഞ്ച് മഞ്ഞക്കാര്‍ഡുകള്‍ കിട്ടിയ ടീമുകള്‍ക്കെതിരെ അച്ചടക്കലംഘനത്തിന് നടപടിയെടുക്കുന്നത് സാധാരണമാണെന്നും ഇതിനാലാണ് ഇരുടീമിനുമെതിര അന്വേഷണം ആരംഭിച്ചതന്നും ഫിഫ അറിയിച്ചു. രണ്ടു ഫെഡറേഷനും ഏകദേശം 16,000 യൂറോ പിഴയായി ലഭിച്ചേക്കും.