ഓയൂർ തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതി അനിത കുമാരിയ്ക്കെതിരെ അമ്മ രംഗത്ത്. തങ്ങളുടെ സ്വത്ത് തട്ടിയെടുത്തെന്നാണ് അനിത കുമാരിയുടെ അമ്മ പറയുന്നത്. അനിതകുമാരിക്ക് വീടുമായി യാതൊരു ബന്ധവുമില്ലെന്നും അച്ഛൻ മരിച്ചിട്ടു പോലും വീട്ടിലേക്ക് വന്നില്ലെന്നും അമ്മ പറഞ്ഞു. തന്നെ വാടകവീട്ടിലാക്കി കിടപ്പാടം കൈക്കലാക്കാൻ ശ്രമിച്ചെന്നും അമ്മ പറയുന്നു.
“ആറ് മാസത്തേക്ക് താ, ലോണെടുക്കാനാ, ആറ് മാസം കഴിയുമ്പോൾ തിരികെയെടുത്തു തരാം. അങ്ങനെ ഏഴ് സെൻറ് എഴുതിക്കൊടുത്തതാ. ആറ് മാസമല്ല വർഷങ്ങൾ കഴിഞ്ഞിട്ടും അനക്കമില്ല. പ്രമാണം തിരിച്ചുവേണമെന്ന് പറഞ്ഞപ്പോൾ അയാൾ ഇങ്ങോട്ട് വന്ന് എന്നെ ചവിട്ടി. മോളും കൊച്ചുമോളുമെല്ലാം എന്നെ ആക്ഷേപം പറഞ്ഞു. പട്ടിയെ അഴിച്ചുവിടുമെന്ന് പറഞ്ഞു”- അനിത കുമാരിയുടെ അമ്മ പറഞ്ഞു.
അച്ഛന് സുഖമില്ലാതായി ആശുപത്രിയിൽ കിടന്നിട്ടു പോലും വന്നില്ല. മരിച്ചിട്ടും കാണാൻ വന്നില്ല. അതിൽകൂടുതൽ എന്താ ഞാൻ പറയേണ്ടത്. വീടിന്റെ ആധാരം തിരികെ കിട്ടാൻ വേണ്ടി പഞ്ചായത്ത് മെമ്പർക്കൊപ്പം ചാത്തന്നൂരിലെ വീട്ടിലെത്തിയ എന്നെ ചവിട്ടി വീഴ്ത്തി.അങ്ങനെ ഞാൻ അവിടുന്ന് ഇറങ്ങി പോന്നതാ. അതിനു ശേഷം ഞാൻ കലക്ടർക്ക് പരാതി കൊടുത്തു. മൂന്നു വർഷമായി യാതൊരു ബന്ധവുമില്ലെന്നും അനിതയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.