വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്നും കരിങ്കല്ല് തെറിച്ചുവീണ് ബി.ഡി. എസ്. വിദ്യാർത്ഥിയായ മുക്കോല സ്വദേശി അനന്തു മരിച്ച സംഭവം മലയാളികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ വാർത്തയായിരുന്നു. നിംസ് കോളേജിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു അനന്തു. അനന്തുവിൻ്റെ വീടിന് അടുത്തുവെച്ചായിരുന്നു അപകടം. തുറമുഖ നിർമ്മാണത്തിനായി കല്ലുകൾ കൊണ്ടുപോയ ടിപ്പർ ലോറി റോഡിലെ കുഴിയിലേക്കിറങ്ങിയപ്പോൾ കല്ല് പുറത്തേക്ക് തെറിക്കുകയായിരുന്നു. അനന്തുവിൻ്റെ വാഹനത്തിനു പുറത്തേക്കായിരുന്നു കല്ല് വീണത്.
അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് സഹായം നൽകണമെന്ന് മന്ത്രി വി ശിവൻക്കുട്ടി ആവശ്യപ്പെട്ടിരുന്നു. ബി ഡി എസ് വിദ്യാർത്ഥിയായ അനന്തു കുടുംബത്തിന്റെ പ്രതീക്ഷയാണ്. അതുകൂടി പരിഗണിച്ചു കൊണ്ടാകണം അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ അപകടമുണ്ടായത് തുറമുഖ പദ്ധതി പ്രദേശത്തിന് പുറത്തായതിനാൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് അദാനി ഗ്രൂപ്പിൻറെ വാദം. പക്ഷെ സർക്കാർ നിർദ്ദേശിച്ചാൽ നഷ്ടപരിഹാരം നൽകാമെന്നു പറയുന്നു.
ഈ വിഷയങ്ങളിൽ ഇപ്പോൾ പ്രതികരിച്ചിരിക്കുകാണ് അനന്തുവിന്റെ അച്ഛൻ. മകൻറെ ജീവന് വിലയിടാനില്ല. അതിനല്ല ഗൾഫിൽ ഇത്രയും കഷ്ടപ്പെട്ട് ഹോട്ടൽ ജോലിയൊക്കെ ചെയ്ത് അവനെ പഠിപ്പിച്ചത്. മകൻറെ ഗതി മറ്റാർക്കും വരരുതെന്നാണ് ഈ അച്ഛൻ ഹൃദയം നുറുങ്ങി പറയുന്നത്!