ഒമാൻ കടലിൽ ഇന്ന് നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎഇ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (എൻസിഎം) നാഷണൽ സെയ്‌സ്‌മിക് നെറ്റ്‌വർക്കിൻ്റെ സ്റ്റേഷനുകൾ അറിയിച്ചു.
യുഎഇ സമയം ഉച്ചയ്ക്ക് 12.14-ന് ദിബ്ബ തീരത്തിന് സമീപമാണ് ഭൂചലനം ഉണ്ടായത്. അഞ്ച് കിലോ മീറ്ററിൽ പ്രദേശവാസികൾക്ക് ഭൂചലനത്തിൻ്റെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം, യുഎഇയിൽ ഭൂചലനത്തിന്റെ ഒരു ഫലവും ഉണ്ടായിട്ടില്ലെന്ന് എൻസിഎം അധികൃതർ സ്ഥിരീകരിച്ചു.