ഒരോ വർഷം കഴിയുംതോറും ലോകത്ത് അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മലിനീകരണം കുറയ്ക്കുന്നതിനായി വിവിധ പദ്ധതികളാണ് രാജ്യങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിൽ ശ്രദ്ധയാകർഷിക്കുന്ന പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് അബുദാബി.
മലിനീകരണം കുറയ്ക്കുന്നതിനായി എയർ പ്യൂരിഫിക്കേഷൻ ടവറാണ് അബുദാബിയിൽ സ്ഥാപിച്ചത്. ഹുദൈരിയത് ഐലൻഡിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഏഴ് മീറ്റർ ഉയരത്തിലുള്ള ടവർ പരിസ്ഥിതി സൗഹൃദ അയോണൈസേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. മണിക്കൂറിൽ 30,000 ക്യൂബിക് മീറ്റർ എന്ന നിരക്കിലാണ് ടവറിന് ചുറ്റുമുള്ള വായു ശുദ്ധീകരിക്കപ്പെടുക. പൊതുസ്ഥലങ്ങളിലെ പുകനിറഞ്ഞ മഞ്ഞ് ഒഴിവാക്കാൻ ഈ ടവർ മൂലം സാധിക്കുമെന്നാണ് വിലയിരുത്തൽ.
പ്രദേശത്തെ വായു മലിനീകരണം കുറയ്ക്കുക, വായുവിന്റെ നിലവാരം ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെ സ്ഥാപിച്ച ഈ സ്മോഗ് ഫ്രീ ടവർ മേഖലയിലെ തന്നെ ആദ്യത്തെ ഇത്തരത്തിലുള്ള മലിനീകരണ നിയന്ത്രണ സംവിധാനവുമാണ്. അബുദാബി എൻവിറോണ്മെന്റ് ഏജൻസി, മോഡോൺ പ്രോപ്പർടീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച ടവറിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷം അബുദാബിയിലെ വിവിധ സ്ഥലങ്ങളിൽ കൂടുതൽ ടവറുകൾ സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ. എന്തായാലും പദ്ധതി ഇതിനോടകം ജനശ്രദ്ധയാകർഷിച്ചിട്ടുണ്ട്.