ചില സ്വപ്നങ്ങൾ അങ്ങനെയാണ്, കാലങ്ങൾ കഴിയുംതോറും തീവ്രമായിക്കൊണ്ടേയിരിക്കും. ആ സ്വപ്നം പൂവണിയാതെ മരണം പോലും ജീവിതത്തിലേയ്ക്ക് കടന്നുവരരുതേ എന്ന് ആഗ്രഹിക്കും. അങ്ങനെ പ്രാർത്ഥിച്ചുകൊണ്ട് ജീവിതം തള്ളിനീക്കിയിരുന്ന അമ്മാളു അമ്മയുടെ സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമായി.
മെഗാ സ്റ്റാർ മമ്മൂട്ടിയെ ഒരു നോക്ക് കാണണമെന്ന ആഗ്രഹവുമായി പറവൂർ സ്വദേശിനിയായ അമ്മാളു അമ്മ നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ അനവധിയായി. മമ്മൂട്ടിയുടെ ഒരു പഴയകാല ചിത്രവും നെഞ്ചോട് ചേർത്ത് തന്റെ സ്വപ്നം പൂവണിയുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു അമ്മാളു അമ്മ. അങ്ങനെയിരിക്കെയാണ് അമ്മാളു അമ്മയുടെ ആഗ്രഹം സാമൂഹ്യ മാധ്യമത്തിലൂടെ നടി സീമ ജി. നായർ അറിയുന്നത്. തന്നാൽ സാധിക്കുന്ന സഹായം മറ്റുള്ളവർക്ക് ചെയ്തുകൊടുക്കാൻ മടിയില്ലാത്ത സീമ ഈ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഇറങ്ങിത്തിരിച്ചു.
ഒടുവിൽ മമ്മൂട്ടിയുടെ പുതിയ സിനിമയായ ടർബോയുടെ സെറ്റിൽ വെച്ച് അമ്മാളു അമ്മയുടെ ആ കാത്തിരിപ്പ് അവസാനിച്ചു. സീമയ്ക്കൊപ്പം കാറിൽ ടർബോയുടെ സെറ്റിലെത്തിയ അമ്മാളു അമ്മയെയും കാത്ത് സാക്ഷാൽ മമ്മൂട്ടി നിൽപ്പുണ്ടായിരുന്നു. പിന്നീട് അമ്മാളു അമ്മയെ ചേർത്തുപിടിച്ച താരം കുശലാന്വേഷണവും നടത്തി. ഇതോടെ വർഷങ്ങളായി കയ്യിൽ സൂക്ഷിച്ചിരുന്ന മമ്മൂട്ടിയുടെ ഒരു ചിത്രം അമ്മാളു അമ്മ താരത്തെ കാണിക്കുകയും ചെയ്തു. ഇതോടെ എന്തുപറയണമെന്നറിയാതെ മമ്മൂട്ടി അമ്മാളു അമ്മയെ നോക്കിനിന്നു.
ഇത്രയും ദൂരം തന്നെ കാണാനെത്തിയ അമ്മാളു അമ്മയ്ക്ക് സമ്മാനവും നൽകിയാണ് ഒടുവിൽ മമ്മൂട്ടി യാത്രയാക്കിയത്. ഈ അസുലഭ മുഹൂർത്തത്തിന്റെ ദൃശ്യങ്ങൾ രമേഷ് പിഷാരടി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. കൈയ്യിൽ ഒരു കവറിൽ തനിക്ക് പ്രിയപ്പെട്ട മമ്മൂക്കയുടെ ചിത്രവുമായി കാലങ്ങളോളം നടന്നത് വെറുതേ ആയില്ല എന്ന കുറിപ്പോടെ പിഷാരടി പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറലാണ്.