100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ ഗസ്തിയിൽ നിന്ന് അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന് മെഡൽ നഷ്‌ടമായതിൻ്റെ നിരാശയിലാണ് ഇന്ത്യ. ഇതിനുപിന്നാലെ ഇന്ത്യയുടെ അടുത്ത താരത്തിനും ഭാരക്കൂടുതൽ വിനയായി മാറി. എന്നാൽ സാധ്യമായ എല്ലാ വഴികളിലൂടെയും കഠിനാധ്വാനം ചെയ്ത് ശരീരഭാരം കുറച്ച് മെഡൽ സ്വന്തമാക്കിയിരിക്കുകയാണ് ഗുസ്തി താരം അമൻ ഷെരാവത്ത്.
പുരുഷൻമാരുടെ 57 കി.ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്‌തിയിൽ ഇന്ത്യയുടെ അമൻ ഷെരാവത്ത് വെറും 10 മണിക്കൂറിനിടെ കുറച്ചത് 4.6 കിലോ ഗ്രാം ഭാരമാണ്. സെമി ഫൈനലിലെ തോൽവിക്ക് പിന്നാലെ അമൻ്റെ ഭാരം 61.5 കിലോഗ്രാമായിരുന്നു. എന്നാൽ ഭാരം എങ്ങനെയെങ്കിലും കുറച്ചില്ലെങ്കിൽ അയോഗ്യനാക്കപ്പെടുമെന്നതിനാൽ അമനും പരിശീലക സംഘവും ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഒന്നരമണിക്കൂർ നേരം മാറ്റ് സെഷനായിരുന്നു ആദ്യ ശ്യരമം. അവിടെ അമൻ തന്റെ രണ്ട് മുതിർന്ന പരിശീലകരുടെ നേതൃത്വത്തിൽ ഗുസ്‌തിയിൽ ഏർപ്പെട്ടു. പിന്നീട് വിയർക്കാനും ശരീരഭാരം കുറയ്ക്കാനും ചൂടുവെള്ളത്തിൽ ഒരു മണിക്കൂർ കുളി (ഹോട്ട്-ബാത്ത് സെഷൻ). തുടർന്നുള്ള ജിം സെഷനിൽ ട്രെഡ്‌മില്ലിൽ ഒരു മണിക്കൂർ നിർത്താതെ ഓടി.
അവിടംകൊണ്ടും ഭാരം കുറയില്ലെന്ന് മനസിലായതോടെ 30 മിനുട്ട് ഇടവേളയ്ക്കുശേഷം ശരീരഭാരം കുറയ്ക്കാൻ അഞ്ച് മിനിറ്റ് നീണ്ടുനിൽക്കുന്ന നീരാവിക്കുളി നടത്തി. ഇതിനിടയിലെല്ലാം അമന്റെ ഭാരവും പരിശോധിച്ചുകൊണ്ടിരുന്നു. പിന്നീട് മസാജ് ചെയ്യുകയും ചെറിയ ജോഗിങ് നടത്തുകയും ശേഷം ഭാരം കൃത്യമാക്കി. പരിശീലന സെഷനുകളിൽ അമന് ചെറുചൂടുവെള്ളവും, നാരങ്ങയും തേനും ചേർത്ത കാപ്പിയും മാത്രമായിരുന്നു നൽകിയിരുന്നത്.
ഉറങ്ങിയാൽ ഭാരം കൂടാൻ സാധ്യതയുള്ളതിനാൽ ഗുസ്‌തി വീഡിയോകൾ കണ്ട് സമയം തള്ളിനീക്കി. ഒടുവിൽ രാവിലെ അധികൃതർ ശരീരഭാരം പരിശോധിച്ചപ്പോൾ പരിധിയെക്കാൾ 100 ഗ്രാം ഭാരം കുറഞ്ഞിരിക്കുന്നു. ഒടുവിൽ ഗോധയിലെ പോരാട്ടത്തിൽ അമൻ വെങ്കലം കരസ്ഥമാക്കുകയും ചെയ്തു.