എകെജി സെൻ്റര്‍ ആക്രമണ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന്‍ കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച്. പടക്കമെറിയാൻ ജിതിന് സ്‌കൂട്ടര്‍ എത്തിച്ചുനല്‍കിയത് മറ്റൊരാളാണെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തില്‍ മറ്റൊരാള്‍ക്ക് കൂടി പങ്കുണ്ടോ എന്ന് അന്വേഷിക്കും.
ജിതിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സ്കൂട്ടർ ആരുടേതാണെന്നോ സ്ഫോടക വസ്തുവിനെ കുറിച്ചോ വ്യക്തമായ കാര്യങ്ങൾ പ്രതി പറയുന്നില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ജിതിൻ തന്നെയാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് പിടിയിലായ മൺവിള സ്വദേശി ജിതിന്‍.
ജിതിൻ്റെ കാറും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കെഎസ്ഇബിക്ക് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്ന കാറിലാണ് ആക്രമണത്തിന് ശേഷം ജിതിന്‍ മടങ്ങിയത്.
ജിതിൻ്റെ അറസ്റ്റിന് പിന്നാലെ കോണ്‍ഗ്രസുകാരനെ പ്രതിയാക്കണമെന്ന സിപിഐഎം അജണ്ടയുടെ ഭാഗമാണ് അറസ്റ്റെന്ന പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പില്‍ രംഗത്തെത്തി.