യാത്രക്കാരെ ദുരിതത്തിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്സ്. മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കിയതോടെയാണ് യാത്രക്കാർ വലഞ്ഞത്. കൊച്ചിയിൽ നിന്നുള്ള നാലും കണ്ണൂരിൽ നിന്നുള്ള മൂന്നും തിരുവനന്തപുരത്ത് നിന്നുള്ള നാലും സർവീസുകളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് സൂചന.
250ഓളം ക്യാബിൻ ക്രൂ അംഗങ്ങളാണ് സമരം നടത്തുന്നത്. അലവൻസ് കൂട്ടി നൽകണം എന്നാണ് ആവശ്യം. വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ നൂറുകണക്കിന് യാത്രക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കണ്ണൂരിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന ഷാർജ, മസ്കറ്റ്, അബുദാബി വിമാനങ്ങളും നെടുമ്പാശ്ശേരിയിൽ നിന്നുള്ള ബഹ്റൈൻ, മസ്കറ്റ് വിമാനങ്ങളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.
കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യയുടെ ആറ് വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. കരിപ്പൂരിൽ രാവിലെ എട്ടു മണി മുതൽ പുറപ്പെടേണ്ട ആറ് വിമാനങ്ങളും എയർ ഇന്ത്യ റദ്ദാക്കി. റാസൽഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹ്റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയത് ദുബായ്, അബുദാബി, മസ്കറ്റ് വിമാനങ്ങളാണ്. പുലർച്ചെ ഒരു മണി മുതൽ പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.വിമാനങ്ങൾ റദ്ദാക്കിയ വിവരം യാത്രക്കാരെ നേരത്തെ അറിയിച്ചിരുന്നില്ല. പലരും യാത്ര പുറപ്പെടാനായി വിമാനത്തവളത്തിൽ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം അറിഞ്ഞത്. വിമാനം റദ്ദാക്കിയതിനെ തുടർന്ന് എയർഇന്ത്യ എക്സ്പ്രസിന്റെ എക്സ് പേജിൽ യാത്രക്കാർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി.