എയർ ടാക്സികൾ വാങ്ങാനൊരുങ്ങി സൗദി അറേബ്യ. ജർമൻ കമ്പനിയായ ലിലിയം കമ്പനിയിൽ നിന്ന് 100 ‘ഇവിഡോൾ’ വിമാനങ്ങളാണ് വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട കരാറിൽ സൗദിയ ഗ്രൂപ്പും ലിലിയം കമ്പനിയും ഒപ്പുവെച്ചു.
വിമാനത്തിന് മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. ഇലക്ട്രിക് വിമാനങ്ങൾക്ക് യാത്രക്കാരെ കൊണ്ടുപോകുന്നതിനും പറന്നുയരുന്നതിനും ലാൻഡ് ചെയ്യുന്നതിനുമുള്ള പുതിയ റൂട്ടുകൾ നിശ്ചയിക്കുമെന്ന് അധികൃതർ സൂചിപ്പിച്ചു. പൂർണമായും ഇലക്ട്രിക് ഇവിഡോൾ വിമാനങ്ങൾ സ്വന്തമാക്കിയ ആദ്യ കമ്പനിയെന്ന നിലയിൽ മിഡിൽ ഈസ്‌റ്റ്-നോർത്ത് ആഫ്രിക്ക മേഖലയിലെ സൗദിയ ഗ്രൂപ്പിൻ്റെ നേതൃത്വം അഭിമാനിക്കുന്നുവെന്ന് എൻജി. ഇബ്രാഹിം അൽ ഉമർ പറഞ്ഞു.
കരാറിൽ വിമാനങ്ങളുടെ ഡെലിവറി ഷെഡ്യൂളും സപ്പോർട്ട് സർവീസിൻ്റെ വിശദവിവരങ്ങളും അറ്റകുറ്റപ്പണി സംബന്ധിച്ച ഗാരന്റിയും ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ ലിലിയം പവർ ഓൺ കരാറിലും സൗദി ഒപ്പിടുമെന്നാണ് സൂചന. അതിൽ വിമാന പരിപാലനവും സപ്പോർട്ട് സർവീസും ഉൾപ്പെടും.
‘വിഷൻ 2030’ൻ്റെ ലക്ഷ്യങ്ങൾക്ക് അനുസരിച്ചാണ് പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്നത്.