യുഎഇയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ സഞ്ചരിക്കുന്നവർക്ക് വേനൽക്കാല അവധിക്ക് യാത്ര ചെയ്യാൻ കൂടുതൽ ഫ്ലൈറ്റുകൾ. ഓരോ ആഴ്ചയും 24 അധിക വിമാനങ്ങൾ ചേർക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. ഇതോടെ ഇന്ത്യൻ പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും അവധിക്കാല യാത്ര കൂടുതൽ സൗകര്യപ്രദമാകും.
പ്രധാനമായും അബുദാബി, റാസൽഖൈമ, ദുബായ് എന്നിവിടങ്ങളിൽ നിന്നാണ് ഓരോ ആഴ്ചയും 24 അധിക വിമാനങ്ങൾ സർവ്വീസ് നടത്തുക. ദുബായ് റൂട്ടിൽ നാല് വിമാനങ്ങളും അബുദാബി റൂട്ടിൽ 14 വിമാനങ്ങളുമാണ് ആഴ്ചയിൽ വർധിപ്പിക്കുക. ഇതിനുപുറമെ റാസൽഖൈമ റൂട്ടിൽ ഓരോ ആഴ്ചയും ആറ് ഫ്ലൈറ്റുകൾ കൂടി സർവ്വീസ് നടത്തും.
ജൂൺ മുതൽ ഓഗസ്റ്റ് വരെ യുഎഇയിലെ പല സ്‌കൂളുകളിലും വേനലവധി ആരംഭിക്കുന്നതോടെ പ്രവാസി കുടുംബങ്ങൾ നാട്ടിലേയ്ക്ക് വരികയും അതുപോലെ ഇന്ത്യയിൽ നിന്നുള്ള ധാരാളം വിനോദസഞ്ചാരികൾ വേനൽക്കാല അവധിക്ക് യുഎഇയിലേയ്ക്ക് എത്തുകയും ചെയ്യാറുണ്ട്. ഈ സമയത്ത് പലപ്പോഴും ഫ്ലൈറ്റുകളിൽ ടിക്കറ്റ് ലഭ്യമാകാത്തതിനാൽ പലരും യാത്രകൾ ഒഴിവാക്കാറുണ്ട്. ഇതിന് പരിഹാരമെന്ന നിലയിലാണ് എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവ്വീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.