യാത്രക്കാർക്ക് ആശ്വാസമായി സർവ്വീസുകൾ വർധിപ്പിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. മസ്‌കത്ത് – കണ്ണൂർ സെക്ടറിലാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകൾ വർധിപ്പിച്ചത്. ആഴ്ചയിൽ എല്ലാ ദിവസും സർവീസ് നടത്തുമെന്നാണ് അധികൃതർ അറിയിച്ചത്.
ഒരു വർഷത്തിന് ശേഷമാണ് മസ്‌കത്തിൽ നിന്ന് കണ്ണൂരിലേയ്ക്കും അവിടെ നിന്ന് മസ്കത്തിലേയ്ക്കും എയർ ഇന്ത്യ എക്പ്രസ് സർവീസ് ആരംഭിക്കുന്നത്. തുടക്കത്തിൽ നാല് സർവീസുകളാണ് എയർ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂരിലേക്ക് നടത്തിയിരുന്നത്. എന്നാൽ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ അടുത്തിടെ സർവീസുകൾ അഞ്ചാക്കി ഉയർത്തിയിരുന്നു. അതാണ് ഇപ്പോൾ ആഴ്ചയിൽ എല്ലാ ദിവസവുമാക്കി മാറ്റിയിരിക്കുന്നത്.
ഗോ ഫസ്റ്റ് നിർത്തലാക്കിയതോടെ ദുരിതത്തിലായ യാത്രക്കാർക്ക് പുതിയ സർവ്വീസ് ആശ്വാസമാകുമെന്ന കാര്യത്തിൽ സംശയമില്ല. കണ്ണൂർ – മസ്കത്ത് റൂട്ടിൽ വിമാന സർവ്വീസുകൾ കുറഞ്ഞതോടെ നിലവിൽ സർവ്വീസ് നടത്തുന്ന വിമാന കമ്പനികൾ ടിക്കറ്റ് നിരക്കിൽ കാര്യമായ വർധനവ് വരുത്തിയിട്ടുമുണ്ട്. വരാനിരിക്കുന്ന സ്കൂൾ അവധി കൂടി കണക്കിലെടുത്ത് മസ്‌കത്തിൽ നിന്ന് കേരള സെക്ടറിലേക്ക് സർവീസ് നടത്തുന്ന എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെയാണ് ഉയർത്തിയത്.