എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ കണ്ണൂരിലേക്കുള്ള സർവിസുകൾ ഏപ്രിൽ ഒന്ന് മുതൽ ആഴ്ചയിൽ അഞ്ചായി വർധിപ്പിക്കും. ഇതോടെ ഏറെ കാലമായി യാത്രാപ്രയാസം നേരിടുന്ന കണ്ണൂർ യാത്രക്കാർക്ക് നേരിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ് നാല് സർവിസുകളാണ് കണ്ണൂരിലേക്ക് മാത്രമായി നടത്തുന്നത്. കൂടാതെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ എല്ലാ ദിവസവും സർവിസുകൾ നടത്തുന്നുണ്ട്. തിരുവനന്തപുരത്തേക്ക് സർവിസ് നടത്തിയിരുന്ന സലാം എയർ സർവീസ് നിർത്തിയതോടെ ഈ സെക്ടറിലെ യാത്രക്കാർ ഏറെ പ്രയാസങ്ങൾ നേരിട്ടിരുന്നു. അടുത്തിടെയാണ് എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ എല്ലാ ദിവസവും തിരുവനന്തപുരത്തേക്ക് സർവിസുമായി രംഗത്ത് വന്നത്.
അതേസമയം, ഗോ ഫസ്റ്റ് സർവിസ് നിർത്തിയതോടെയാണ് കണ്ണൂർ യാത്രക്കാരുടെ ദുരിതത്തിന് ആരംഭം കുറിച്ചത്. ഗോ ഫസ്റ്റ് ആഴ്ചയിൽ എല്ലാ ദിവസവും സർവിസ് നടത്തിയിരുന്നു. അക്കാലത്ത് എയർ ഇന്ത്യ എക്സ്പ്രസ് തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ മൂന്ന് സർവിസ് മാത്രമാണ് നടത്തിയിരുന്നത്. എന്നാൽ യാത്രക്കാരുടെ പ്രതിഷേധം വർധിച്ചതോടെ സർവിസുകൾ നാലായി വർധിപ്പിക്കുകയായിരുന്നു. അടുത്ത മാസം മുതൽ പുതിയ ഷെഡ്യൂൾ ആരംഭിക്കും. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് കണ്ണൂരിൽ നിന്നും സർവിസുകൾ നടത്തുക. തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിൽ കാലത്ത് 9.45ന് പുറപ്പെട്ട് 2.40 കണ്ണൂരിലെത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച 7.35ന് പുറപ്പെട്ട് 12.30നും വെള്ളിയാഴ്ച പുലർച്ചെ 3.20ന് പുറപ്പെട്ട് 8.15നും കണ്ണുരിലും എത്തും. കണ്ണൂരിൽ നിന്ന് തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിൽ കാലത്ത് 6.45ന് പുറപ്പെടുന്ന വിമാനം 8.45ന് ആണ് മസ്കറ്റിലെത്തുക. വ്യാഴാഴ്ച കാലത്ത് 4.35ന് പുറപ്പെട്ട് 6.35ന് മസ്കറ്റിൽ ലാൻഡ് ചെയ്യും. വെള്ളിയാഴ്ച രാത്രി 12.20ന് പുറപ്പെടുന്ന വിമാനം 2.20ന് ആണ് മസ്കറ്റിൽ എത്തുന്നത്.
കണ്ണൂരിൽ നിന്ന് സർവിസുകൾ കൂട്ടണമെന്ന് യാത്രക്കാർ മാസങ്ങളായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഒരു സർവിസ് മാത്രം വർധിപ്പിച്ചത് യാത്രക്കാരെ തൃപ്തരാക്കിയിട്ടില്ല. ഗോ ഫസ്റ്റ് സർവിസ് പുനരാരംഭിക്കാത്ത സാഹചര്യത്തിൽ ആഴ്ചയിൽ എല്ലാ ദിവസവും എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തണമെന്നാണ് കണ്ണൂർ യാത്രക്കാർ നിരന്തരമായി ആവശ്യപ്പെടുന്നത്. കണ്ണൂരിനോടുള്ള അവഗണന വിമാനത്താവളത്തിന്റെ വളർച്ച മുടരിപ്പിക്കുമെന്നും യാത്രക്കാർ പറയുന്നു.