മംഗളൂരുവിൽ നിന്ന് ദുബായിലേയ്ക്ക് വ്യാഴാഴ്ച രാത്രി 11.05ന് പറക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം മൂന്ന് മണിക്കൂർ വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. എയർ ഇന്ത്യ എക്സ്പ്രസ്സ് ഐ എക്സ് 814 വിമാനമാണ് മൂന്ന് മണിക്കൂറോളം യാത്രക്കാരെ വലച്ചതിന് ശേഷം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 1.45ന് പുറപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർക്ക് വിമാനത്തിനകത്ത് മൂന്ന് മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. മാത്രമല്ല യാത്രക്കാരുടെ ദുരിതാവസ്ഥ വിമാന കമ്പനി ജീവനക്കാരോ അധികൃതരോ പരിഗണിച്ചില്ല എന്നും യാത്രക്കാരുടെ പരാതിയിൽ വ്യക്തമാക്കി.
അതേസമയം യാത്രക്കാരിൽ കണ്ണൂർ, കാസര്‍കോട് സ്വദേശികളടക്കമുള്ളവർ ഉണ്ടായിരുന്നു. ഇവർക്ക് മണിക്കൂറുകളോളം വിമാനത്തിനകത്ത് ചൂടു സഹിച്ച് കഴിയേണ്ടി വന്നു. നാല് മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ എല്ലാ നടപടികളും പൂർത്തിയാക്കി വിമാനത്തിനകത്ത് കയറ്റിയതിന് ശേഷമായിരുന്നു സാങ്കേതിക തകരാർ മൂലം വിമാനം വൈകുമെന്ന് അറിയിച്ചത്.
ഇതേതുടർന്ന് വിശന്നുവലഞ്ഞ കുട്ടികൾ മണിക്കൂറോളം നിർത്താതെ കരഞ്ഞ ശേഷം പലരും ക്ഷീണിച്ച് ഉറങ്ങി. എന്നാൽ യാത്രക്കാരെ പുറത്തിറക്കി വിടാനോ അവർക്ക് ഭക്ഷണമോ മറ്റു സൗകര്യങ്ങളോ നൽകാനോ അധികൃതർ തയാറായില്ലെന്ന് യാത്രക്കാർ പറഞ്ഞു. ഒടുവിൽ ഇന്ത്യൻ സമയം പുലർച്ചെ 1.45നായിരുന്നു വിമാനം പറന്നത്. അധികൃതരുടെ ഭാഗത്ത് നിന്ന് യാത്രക്കാർക്ക് യാതൊരു സഹായമോ സഹകരണമോ ലഭിച്ചില്ലെന്ന് യാത്രക്കാരിലൊരാളുടെ ബന്ധു കാസർകോട് സ്വദേശി ഫഹദ് സാലിഹ് പറഞ്ഞു.