വർഷങ്ങളായി വിമാന യാത്രക്കാർ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആവശ്യത്തിന് അവസാനം പച്ചക്കൊടി. ഖത്തറിൽ നിന്ന് തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസ് നോൺസ്റ്റോപ് സർവീസ് പ്രഖ്യാപിച്ചു. ഒക്ടോബർ 29ന് സർവീസ് ആരംഭിക്കും. ബുക്കിങ് കഴിഞ്ഞ ദിവസം തുടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ നാലു ദിവസമാണ് ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് ദോഹ സെക്ടറിലേക്കും നേരിട്ട് വിമാനം പറക്കും.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ശൈത്യകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാണ് ദോഹയിൽ നിന്നുള്ള നോൺ സ്റ്റോപ്പ് സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്കും ചൊവ്വ, വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരത്തു നിന്ന് ദോഹയിലേക്കുമായിരിക്കും നോൺ സ്റ്റോപ്പ് സർവീസ് ഉണ്ടാകുക.
എന്നാൽ നിലവിൽ കോഴിക്കോട് വഴിയാണ് എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് സർവിസ് നടത്തുന്നത്. അതേസമയംനേരിട്ടുള്ള വിമാനങ്ങൾ 4.40 മണിക്കൂറിൽ പറന്നെത്തുമ്പോൾ കോഴിക്കോട് വഴിയുള്ള വിമാനങ്ങൾ ആറര മണിക്കൂർ എടുത്താണ് തിരുവനന്തപുരത്ത് എത്തുക. നിലവിൽ ഖത്തർ എയർവേസ് മാത്രമാണ് ദോഹയിൽനിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ട് സർവിസ് നടത്തുന്ന ഏക വിമാന കമ്പനി.