അബുദാബിയിൽ ഹോം ചെക്ക്-ഇൻ സേവനം ആരംഭിച്ച് എയർ അറേബ്യ. യാത്രയ്ക്ക് മുന്നോടിയായി ജീവനക്കാർ നേരിട്ട് വീട്ടിലെത്തി ലഗേജ് സ്വീകരിച്ച് ബോർഡിങ് പാസ് കൈമാറുന്ന സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്. അതിനാൽ യാത്രക്കാർക്ക് വിമാനത്താവളത്തിലെ ചെക്ക്-ഇൻ കൗണ്ടറിൽ നീണ്ട നേരം കാത്തിരിക്കേണ്ട ആവശ്യവുമുണ്ടാകില്ല.
എയർപോർട്ടിൽ സാധാരണയായി ഉണ്ടാകുന്ന തിരക്കും അധിക ലഗേജ് പ്രശ്‌നങ്ങളും ഹോം ചെക്ക്-ഇൻ സേവനം ആരംഭിച്ചതോടെ കുറഞ്ഞിട്ടുണ്ട്. പുതിയ സേവനത്തിലൂടെ ബോർഡിങ് പാസ് നേരത്തെ ലഭിക്കുന്ന യാത്രക്കാരന് എയർപോർട്ടിലെത്തിയാൽ ചെക്ക്-ഇൻ കൗണ്ടറിലേയ്ക്ക് പോകാതെ നേരെ എമിഗ്രേഷനിലേക്ക് പോകാൻ സാധിക്കും.
എയർലൈന് വേണ്ടി മൊറാഫിക് ആണ് ഹോം ചെക്ക്-ഇൻ സേവനം വാഗ്ദാനം ചെയ്തിരിക്കുന്നത്. മൊറാഫിക്കിന്റെ ആപ്പ് വഴിയോ വൈബ്സൈറ്റ് വഴിയോ എയർ അറേബ്യയുടെ വെബ്സൈറ്റിലോ കസ്‌റ്റമർ സർവീസ് സെന്റർ മുഖേനയോ യാത്രക്കാരന് ഹോം ചെക്ക്-ഇൻ സേവനം ആവശ്യപ്പെടാൻ സാധിക്കും. നിശ്ചിത ദിവസം അധികൃതർ വീട്ടിലെത്തി ലഗേജ് ഏറ്റുവാങ്ങി ബോർഡിങ് പാസ് കൈമാറും. പെട്ടികളുടെ എണ്ണം അനുസരിച്ച് 185 ദിർഹം മുതൽ 400 ദിർഹം വരെ സേവന നിരക്ക് നൽകണമെന്ന് മാത്രം.