ചെണ്ടമേളത്തിൻ്റെ താളവും ഉടുക്കിൻ്റെ ശബ്ദവും ഒരുമിച്ച്. ‘ഉടുക്ക് തായമ്പക’ എന്ന പേരിൽ ഷാർജയിൽ അവതരിപ്പിച്ച വേറിട്ട കലാരൂപമാണ് ശ്രദ്ധേയമായത് . ചെണ്ടയ്ക്ക് വേണ്ടി ചിട്ടപ്പെടുത്തിയ തായമ്പക ഉടുക്കിൽ വായിച്ചായിരുന്നു പരീക്ഷണം. അജ്മാൻ ഈസ്റ്റ് പോയിൻ്റ് ഇന്ത്യൻ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ അദ്വൈത് ബിനീഷ് ആണ് ഉടുക്കിൽ തായമ്പക കൊട്ടിയത്.
ചെണ്ടമേളവും ഉടുക്കുപാട്ടും പരിശീലിച്ചിട്ടുള്ള അദ്വൈത് ചെണ്ട തായമ്പകയിലെ എണ്ണങ്ങൾ ഉടുക്കിൽ കൊട്ടി അവതരിപ്പിച്ചപ്പോൾ തൻ്റെ തായമ്പക ഗുരുവായ വാദ്യശ്രീ ഗോപാലകൃഷ്ണമാരാരും ഉടുക്കുപാട്ടിൻ്റെ ഗുരുവും പിതാവുമായ ബിനീഷ് ഭാസ്ക്കരനും വട്ടം പിടിച്ചു. വലംതലയിൽ രാകേഷ് മാരാരും ഇലത്താളത്തിൽ രാജേഷ് മാരാരും ചേർന്ന് പക്കമൊരുക്കിയതോടെ ‘ഉടുക്ക് തയാമ്പക’ കൌതുകമേറുന്നതായി.
കേരളത്തിൽ തന്നെ വിരലിലെണ്ണാവുന്ന കലാകാരന്മാരാണ് ഇതുവരെ ഉടുക്കിൽ തായമ്പക കൊട്ടിയിട്ടുള്ളത്. എന്നാൽ ഒരു സ്ക്കൂൾ വിദ്യാർത്ഥി ഉടുക്കിൽ തായമ്പക കൊട്ടുന്നത് ലോകത്ത് തന്നെ ആദ്യമായാണെന്ന് അദ്വൈതും പിതാവ് ബിനീഷ് ഭാസ്ക്കരനും പറയുന്നു.
ഉടുക്കുപാട്ടിൽ അയ്യപ്പജ്യോതി പുരസ്ക്കാര ജേതാവ് കൂടിയാണ് അദ്വൈത്. 2022ൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലായിരുന്നു തായമ്പകയിലെ അരങ്ങേറ്റം. ഇക്കാലത്തിനിടെ നടത്തിയ വേറിട്ട പരിശീലനമാണ് പുതിയ അവതരണത്തിലെത്തിയത്. അനൂപ് കൃഷ്ണൻ പോറ്റിയിൽ നിന്ന് മൃദംഗവും അഭ്യസിക്കുന്നുണ്ട് അദ്വൈത്.
യുഎഇയിലെ വാദ്യകലാരംഗത്ത് പ്രവർത്തിക്കുന്ന സരസ്വതി വാദ്യകാലാസംഘം തായമ്പക കലാകാരൻമാരെ അണിനിരത്തി ഷാർജയിൽ നടത്തിയ പരിപാടിയിലായിരുന്നു അദ്വൈതിൻ്റെ പ്രകടനം. വാദ്യസാരസ്വതം 2024 എന്ന പേരിലാണ് പരിപാടി നടന്നത്.
പരിപാടിയിൽ ലോകത്തിലെ തന്നെ ഏക തായമ്പകയിൽ ദമ്പതികളായ കലാമണ്ഡലം ഹരീഷ് മാരാരും ഭാര്യ ഡോ. നന്ദിനി വർമയും ചേർന്നവതരിപ്പിച്ച ‘ദമ്പതി തായമ്പക’ പരിപാടിയും ശ്രദ്ധേയമായി. സരസ്വതി വാദ്യകലാ സംഘത്തിലെ സീനിയർ കലാകാരന്മാർ പക്കമൊരുക്കി.