ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ വൺ ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. പേടകത്തിലെ എല്ലാ ഉപകരണങ്ങളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. 2023 സെപ്റ്റംബർ 2ന് ആയിരുന്നു ആദിത്യയുടെ വിക്ഷേപണം.
ഇന്ന് വൈകുന്നേരം നാല് മണിയോടെയാകും ആദിത്യ ഒന്നാം ലഗ്രാഞ്ച് പോയിൻറിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പ്രവേശിക്കുക. ദൗത്യം വിജയിച്ചാൽ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയാകും ഐഎസ്ആർഒ. 126 ദിവസത്തെ യാത്രയ്ക്കൊടുവിൽ 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ആദിത്യ എൽ വൺ ലഗ്രാഞ്ച് പോയിന്റ് വണ്ണിലെത്തുന്നത്. ഭൂമിയുടേയും സൂര്യന്റെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണ പഥത്തിലാണ് ആദിത്യ വലം വെക്കുക.
സെപ്തംബർ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് ആദിത്യ എൽ1 വിക്ഷേപിച്ചത്. പിഎസ്എൽവി സി 57 റോക്കറ്റിലായിരുന്നു വിക്ഷേപണം. സൂര്യൻറെ പ്രഭാമണ്ഡലത്തെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്‌ഫോടനങ്ങളെ പറ്റിയും കൂടുതൽ വിവരങ്ങൾ ആദിത്യയിലൂടെ മനസിലാക്കാൻ പറ്റുമെന്നാണ് പ്രതീക്ഷ. കൊറോണ, സൗരവാതം, പ്ലാസ്മ പ്രവാഹം, സൂര്യനിലെ കാന്തികമണ്ഡലം, വിവിധ സൗര പ്രതിഭാസങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ആദിത്യ ലഭ്യമാക്കും. ഏഴ് പേ ലോഡുകളാണ് ആദിത്യ എൽ വണ്ണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സൂര്യന്റെ കൊറോണയെ പഠിക്കാനുള്ള വിസിബിൾ എമിഷൻ ലൈൻ കൊറോണോഗ്രാഫ് അഥവാ VELC, സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് അഥവാ SUIT, സൂര്യനിൽ നിന്നുള്ള എക്സ് റേ തരംഗങ്ങളെ പഠിക്കാനുള്ള സോളാർ ലോ എൻർജി എക്സ് റേ സ്പെക്ട്രോ മീറ്റർ അഥവാ SoLEXS, ഹൈ എനർജി എൽ വൺ ഓർബിറ്റിങ്ങ് എക്സ് റേ സ്പെക്ട്രോമീറ്റർ അഥവാ HEL1OS എന്നിവയാണ് മറ്റ് രണ്ട് പേ ലോഡുകൾ.