നടനും കാസ്റ്റിങ് ഡയറക്ടറും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനാകുന്നു. ദീപ്തി കാരാട്ട് ആണ് വധു. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അസോഷ്യേറ്റ് ഡയറക്ടർമാരിൽ ഒരാളായിരുന്നു ദീപ്തി. പ്രണയ വിവാഹമാണ്.
‘അങ്ങനെ അതുറപ്പിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരുടെയും ചിത്രങ്ങൾ സുഹൃത്തുക്കൾ പങ്കുവച്ചത്. പിന്നാലെ ദീപ്തിക്കും രാജേഷിനും ആശംസകൾ നേർന്ന് നിരവധി സഹപ്രവർത്തകരും സുഹൃത്തുക്കളുമടക്കം രംഗത്തെത്തി. കാസർഗോട് കൊളത്തൂർ സ്വദേശിയാണ് രാജേഷ്.
ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ രാജേഷ് മാധവന്റെ ജോഡിയായ സുമലത ടീച്ചറെ അവതരിപ്പിച്ച നടി ചിത്ര നായരും ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്. ‘അസ്തമയം വരെ’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളറായിട്ടാണ് രാജേഷ് മാധവൻ വെള്ളിത്തിരയില്‍ എത്തിയത്. മഹേഷിന്റെ പ്രതികാരത്തിലൂടെ അഭിനേതാവായി. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘തിങ്കളാഴ്ച നിശ്ചയ’ത്തിന്റെ കാസ്റ്റിംഗ് ഡയറക്ടറും അദ്ദേഹം ആയിരുന്നു. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ‘സുരേശൻ’ എന്ന കഥാപാത്രമായി എത്തി തിയറ്ററുകളില്‍ ചിരി നിറച്ചതോടെ ആരാധകരുടെ പ്രിയ താരങ്ങളിലൊരാലായി രാജേഷ് മാറുകയും ചെയ്തു.