ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ബൈക്ക് റൈഡുകള്‍ സംഘടിപ്പിക്കുന്ന കമ്പനി പ്രഖ്യാപിച്ച് തമിഴ് സിനിമാ താരം അജിത്ത് കുമാര്‍. ‘എകെ മോട്ടോ റൈഡ്’ എന്നാണ് കമ്പനിയുടെ പേര്. സിനിമാ ചിത്രീകരണങ്ങള്‍ക്കിടെ വീണുകിട്ടുന്ന ഒഴിവുകാലം അദ്ദേഹം ബൈക്ക് റൈഡുകള്‍ക്കായാണ് വിനിയോഗിക്കാറുള്ളത്.
കമ്പനി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്താ കുറിപ്പും അജിത്ത് കുമാര്‍ പുറത്തിറക്കിയിട്ടുണ്ട്. ’എകെ മോട്ടോ റൈഡ് എന്ന മോട്ടോർ സൈക്കിൾ ടൂറിസം കമ്പനിയിലൂടെ മോട്ടോർ സൈക്കിളുകളോടും റൈഡുകളോടുമുള്ള താരത്തിന്റെ അഭിനിവേശത്തെ ഒരു പ്രൊഫഷനായി പങ്കിടുന്നതിൽ വളരെയധികം സന്തോഷമുണ്ട് എന്നാണ് അജിത്ത് കുറിച്ചത്.
ജീവിതം ഒരു മനോഹരമായ യാത്രയാണ്. അതിന്റെ വളവുകളെയും തിരിവുകളെയും നീണ്ട പാതകളെയുമൊക്കെ പുല്കുക എന്ന വാചകം താരത്തിന്റെ ജീവിതത്തിലെ ഏറ്റവും സ്നേഹം തോന്നിയ ഒരു വാചകമാണെന്ന് അജിത് കുറിച്ചു. മോട്ടോര്‍സൈക്കിളുകളോടും തുറസ്സുകളോടും താരത്തിനുള്ള അഭിനിവേശത്തെ പ്രൊഫഷണല്‍ ആയ ഒരു പ്രസ്ഥാനത്തിലേക്ക് കൊണ്ടുവരികയാണ് എകെ മോട്ടോ എന്ന കമ്പനിയിലൂടെ.
റൈഡേഴ്സിനും സാഹസികത ഇഷ്ടമുള്ളവർക്കും സഞ്ചാരികള്‍ക്കും ഇന്ത്യയിലും വിദേശത്തുമായുള്ള യാത്രകളാണ് എകെ മോട്ടോ റൈഡ് വാഗ്ദാനം ചെയ്യുന്നത്. സുരക്ഷയും പ്രതിബദ്ധതയും ഉൾക്കൊണ്ട് അഡ്വഞ്ചര്‍ ടൂറിംഗ് സൂപ്പര്‍ ബൈക്കുകള്‍ എകെ മോട്ടോ റൈഡ് ലഭ്യമാക്കും. കൂടാതെ യാത്രകള്‍ക്കിടയിൽ അവയുടെ പരിരക്ഷയും ഉറപ്പാക്കും. മാത്രമല്ല, ബൈക്ക് ടൂറിംഗിനെക്കുറിച്ചും പ്രാദേശിക സംസ്കാരങ്ങളെക്കുറിച്ചും മികച്ച ധാരണയുള്ള നിരവധി പ്രൊഫഷണല്‍ ഗൈഡുകള്‍ തുടക്കം മുതല്‍ അവസാനം വരെ ഈ യാത്രകളിൽ റൈഡർമാരുടെ ഒപ്പമുണ്ടാവുമെന്നും അജിത് കുമാർ വ്യക്തമാക്കി.