“അപകട രഹിത ദിനം” എന്ന ദേശീയ കാമ്പെയ്‌ൻ ദിനത്തിൽ സുരക്ഷിതമായി വാഹനമോടിക്കുന്നവർക്ക് അവരുടെ ഡ്രൈവിംഗ് ലൈസൻസിലെ റെക്കോർഡിൽ നിന്ന് നാല് ബ്ലാക്ക് ട്രാഫിക് പോയിന്റുകൾ ഒഴിവാക്കുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു. പുതിയ അധ്യയന വർഷം തുടങ്ങുന്ന ആഗസ്റ്റ് 28 ന് സുരക്ഷിതമായി വാഹനമോടിക്കുകയാണ് ഇതിനായി ചെയ്യേണ്ടത്.
അപകടങ്ങളില്ലാത്ത ഒരു ദിവസം / ‘ആക്സിഡന്റ് ഫ്രീ ഡേ’ എന്നത് യുഎഇയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ലോക്കൽ പോലീസ് അധികാരികളുടെ സഹകരണത്തോടെ രാജ്യവ്യാപകമായി നടത്തുന്ന കാമ്പെയ്‌നാണ്. ആഭ്യന്തര മന്ത്രാലയത്തിൻറെ വെബ്സൈറ്റ് സന്ദർശിച്ച് പുതിയ അധ്യയന വർഷത്തെ ആദ്യദിനം സുരക്ഷിതമായി വാഹനം ഓടിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും വേണം. അന്നേ ദിവസം അപകടങ്ങളോ പിഴകളോ ഉണ്ടാക്കാനും പാടില്ല.
നാല് ബ്ലാക്ക് പോയിൻറ് വരെ ഒഴിവാക്കി നൽകുമെന്നാണ് അധികൃതർ അറിയിച്ചിട്ടുളളത്. കിഴിവ് ക്ലെയിം ചെയ്യുന്നതിന്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റുകൾ, പോലീസിന്റെ പൊതു കമാൻഡുകൾ എന്നിവയിൽ പ്രഖ്യാപിച്ച ലിങ്ക് വഴി ലഭ്യമായ സംരംഭവുമായി ബന്ധപ്പെട്ട പ്രതിജ്ഞയിൽ ഒപ്പിടണം. രാജ്യത്ത് ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കാണ് പൊലീസ് ബ്ലാക്ക് പോയിൻറ് നൽകുന്നത്. 24 ബ്ലാക്ക് പോയൻറ് ലഭിച്ചാൽ ലൈസൻസ് റദ്ദാക്കപ്പെടും.