അബുദാബിയിൽ ചൂട് കനത്തതോടെ വാഹനങ്ങളുടെ ടയർ പൊട്ടിയുണ്ടാകുന്ന അപകടം തടയുന്നതിനുള്ള പൊലീസ് പരിശോധന കർശനമാക്കി. വാഹനം ഉപയോഗിക്കുന്നവർ ടയറുകളുടെ കാര്യക്ഷമത ഉറപ്പാക്കണമെന്ന് അബുദാബി വാഹനാപകട നിയന്ത്രണ സേവന വിഭാഗമായ സാഅദ് അറിയിച്ചു.. കൂടാതെ എല്ലാ റോഡുകളിലും സുരക്ഷാ പരിശോധനയുണ്ടാകുമെന്നും സാഅദ് കൂട്ടിച്ചേർത്തു.
കാലഹരണപ്പെട്ട ടയറുള്ള വാഹനങ്ങൾ ഓടിക്കരുത്. മോശം ടയറുള്ള വാഹനങ്ങളുമായി യാത്ര ചെയ്യുന്നത് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടമുണ്ടാക്കുമെന്ന് അബുദാബി സാഅദ് മേധാവി ഡോ. ജമാൽ അൽ ആമിരി അറിയിച്ചു. കൂടാതെ പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ സെക്കൻഡ് ഹാൻഡ് ടയറുകൾ ഉപയോഗിക്കരുതെന്നും ഡോ. ജമാൽ പറഞ്ഞു. സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും പ്രധാന്യമുള്ള കാര്യമാണ് നിലവാരമുള്ള ടയറുകൾ ഉപയോഗിക്കുക എന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരമുള്ള വാഹനങ്ങളിൽ ഉയർന്ന നിലവാരമുള്ള ടയറുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. കൂടാതെ ടയറുകളുടെ നിർമാണ വർഷവും നിർബന്ധമായും പരിശോധിച്ച് ഉറപ്പാക്കണം. മാത്രമല്ല, കാലാവധി കഴിഞ്ഞ ടയറുകൾ പുതിയതാണെങ്കിലും വാങ്ങാൻ പാടില്ല. ടയറുകൾക്ക് നിലവാരമില്ലെന്ന് ബോധ്യപ്പെട്ടാൽ വാഹനം ഒരാഴ്ചത്തേക്കു പിടിച്ചെടുക്കാനാണ് പൊലീസിന്റെ തീരുമാനം.
നിയമം തെറ്റിക്കുന്നവർക്ക് 500 ദിർഹം പിഴയും ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റും വീഴും. അതേസമയം നിർത്തിയിടുന്ന വാഹനങ്ങളുടെ ഉൾഭാഗവും വേഗം ചൂടാകുമെന്നതിനാൽ അത്തർ, സിഗരറ്റ് ലൈറ്റർ എന്നിവ വാഹനങ്ങളിൽ സൂക്ഷിക്കരുതെന്ന നിർദേശവും സാഅദ് നൽകിയിട്ടുണ്ട്. സാനിറ്റൈസർ, ചാർജറുകൾ, പെർഫ്യൂം, ബാറ്ററികൾ എന്നിവയും തീപിടിത്ത സാധ്യത വർധിപ്പിക്കുമെന്ന മുന്നറിയിപ്പും സാഅദ് നൽകി. കൂടാതെ ഇന്ധനം കുപ്പിയിലാക്കി വാഹനത്തിൽ സൂക്ഷിക്കുന്നതും അപകടമുണ്ടാക്കും. അഗ്നിശമന ഉപകരണം വാഹനത്തിൽ നിർബന്ധമാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.