കനത്ത മഴയിലും മോശം കാലാവസ്ഥയിലും ജനങ്ങൾ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന നിർദേശവുമായി അബുദാബി പൊലീസ്. കൂടാതെ മഴയുള്ള കാലാവസ്ഥയിൽ താഴ്‌വരകൾക്കും വെള്ളപ്പൊക്കമുള്ള പ്രദേശങ്ങൾക്കും അണക്കെട്ടുകൾക്കും സമീപത്ത് ഒത്തുകൂടിയാൽ ആയിരം ദിർഹം പിഴ ഈടാക്കുകയും ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്നും പോലീസ് അറിയിച്ചു.
അതേസമയം വെള്ളപ്പൊക്കമുള്ള താഴ്‌വരകളിൽ പ്രവേശിച്ചാൽ 2,000 ദിർഹമാണ് പിഴയായി ചുമത്തുക. കൂടാതെ 23 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ഇതിന്പുറമേ 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസ്, ട്രാഫിക്, റെസ്ക്യൂ വാഹനങ്ങൾ എന്നിവയെ നിയന്ത്രിക്കുന്നതിൽ നിന്ന് അധികാരികളെ തടസ്സപ്പെടുത്തിയാൽ ആയിരം ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.