ഓൺലൈനിൽ അപരിചിതരായ ആളുകളുമായി സൗഹൃദം സ്ഥാപിക്കുന്നതും സ്വകാര്യ ഫോട്ടോകളും വീഡിയോകളും പങ്കിടുകയും ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ്. സൈബർ കുറ്റവാളികൾ, ഹാക്കർമാർ, ബ്ലാക്ക്‌മെയിൽ ചെയ്യുന്നവർ എന്നിങ്ങനെ പലരും സൗഹൃദം സ്ഥാപിക്കുന്നവരിൽ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ജനങ്ങൾ അവരുടെ ഓൺലൈൻ പ്രവർത്തനത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കാൻ അഭ്യർത്ഥിക്കുന്നുവെന്ന് അബുദാബി പോലീസ് പറഞ്ഞു.
പരിചയമില്ലാത്ത ഒരാളിൽ നിന്ന് ഒരു സുഹൃത്ത് അഭ്യർത്ഥന ലഭിച്ചിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കരുത്. ഇരകളെ കണ്ടെത്താൻ സൈബർ കുറ്റവാളികൾ പലപ്പോഴും ഈ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാറുണ്ട്. കൂടാതെ ഡേറ്റിംഗ് സൈറ്റുകളെയും ആപ്പുകളെയും സൂക്ഷിക്കണമെന്നും പോലീസ് കൂട്ടിച്ചേർത്തു. ചില സന്ദർഭങ്ങളിൽ ബ്ലാക്ക്‌മെയിലർമാർ ഇരയുമായി ബന്ധപ്പെടുകയും അവരെ വീഡിയോ കാൾ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യും. ക്യാമറ ഓൺ ചെയ്താൽ പെട്ടന്ന് തന്നെ കുറ്റവാളിക്ക് ഒരു വ്യക്തിയുടെ ദൃശ്യങ്ങൾ എളുപ്പത്തിൽ പകർത്താനും സാധിക്കുമെന്ന് അബുദാബി പോലീസ് പറഞ്ഞു.
ഈ അവസ്ഥയിൽ അകപ്പെട്ടാൽ എന്തുചെയ്യണം ?
ഇത്തരം റാക്കറ്റുകൾക്ക് ഇരയാകുന്നവർ ഭീഷണിക്ക് വഴങ്ങാതെ ഉറച്ചുനിൽക്കണമെന്ന് പോലീസ് നിർദേശം നൽകി. ബ്ലാക്ക്മെയിൽ ചെയ്യുന്നവർക്ക് പണം നൽകരുതെന്നും പോലീസ് പറഞ്ഞു. 24/7 അമാൻ സേവനത്തിലൂടെ പോലീസുമായി ബന്ധപ്പെട്ട് സംഭവം റിപ്പോർട്ട് ചെയ്യുക. കൂടാതെ 8002626 (AMAN2626) എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയോ 2828 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കുകയോ ചെയ്യാം.