ഈ വർഷം അവസാനത്തോടെ 24 ദശലക്ഷത്തിലധികം സന്ദർശകരെ എമിറേറ്റിലേക്ക് ആകർഷിക്കുക എന്നതാണ് പുതിയ ലക്ഷ്യമെന്ന് അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ്. അബുദാബിയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന് മുന്നോടിയായാണ് പുതിയ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചത്. 2023 അവസാനത്തോടെ 24 ദശലക്ഷത്തിലധികം സന്ദർശകരെ സ്വാഗതം ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും ഡിസിടി അബുദാബിയിലെ അണ്ടർസെക്രട്ടറി സൗദ് അബ്ദുൽ അസീസ് അൽ ഹൊസാനി പറഞ്ഞു.
അബുദാബിയുടെ ടൂറിസം മേഖല ശക്തമായ നേട്ടങ്ങളുണ്ടാക്കിയ വർഷമാണ് 2022 എന്നും അധികൃതർ സൂചിപ്പിച്ചു. ഹോട്ടൽ താമസ നിരക്ക് 70 ശതമാനത്തിലെത്തി. സർക്കാർ കണക്കുകൾ പ്രകാരം മിഡിൽ ഈസ്റ്റ് ശരാശരിയായ 67 ശതമാനത്തെ മറികടന്നു. എമിറേറ്റിന് കഴിഞ്ഞ വർഷം 18 ദശലക്ഷം സന്ദർശകരെ ലഭിച്ചെന്നും 2021-നെ അപേക്ഷിച്ച് 13 ശതമാനം വർധനരേഖപ്പെടുത്തിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യ, സൗദി അറേബ്യ, യുകെ, യുഎസ് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സന്ദർശകർ അബുദാബിയിലേക്ക് എത്തിയത്. മികച്ച ഇൻ-ക്ലാസ് സേവനങ്ങൾ, ഇൻഫ്രാസ്ട്രക്ചർ, ഫലപ്രദമായ മാർക്കറ്റിംഗ് എന്നിവയുടെ സംയോജിത പിന്തുണയോടയാണ് വർഷം മുഴുവനും സഞ്ചാരികളെ ആകർഷിച്ചതെന്നും ടൂറിസത്തിന് പിന്നാലെ ആഗോള കായിക പരിപാടികളിലൂടെയും ലക്ഷ്യത്തിലേക്ക് നിങ്ങുമെന്ന് അധികൃതർ സൂചിപ്പിച്ചു. നേട്ടങ്ങൾ കൂടുതൽ പരിശ്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്ന് അബുദാബിയിലെ ടൂറിസം ഡയറക്ടർ ജനറൽ സാലിഹ് മുഹമ്മദ് അൽ ഗെസിരിയും വ്യക്തമാക്കി.